'കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം, ആന്തൂരിലും മലപ്പട്ടത്തും അഴിഞ്ഞാടുന്നു'; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Published : Nov 24, 2025, 12:54 PM IST
K Sudhakaran

Synopsis

കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്ന് വിമർശനം

കണ്ണൂർ: കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്നും ജനാധിപത്യത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയപാർട്ടിയുണ്ട് എന്നത് ലജ്ജകരമാണ്. ഗുണ്ടകളായ പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കളില്ല. ചോരത്തിളപ്പുള്ള കുട്ടികൾ ഞങ്ങൾക്കും ഉണ്ടെന്ന് സിപിഎം മറക്കണ്ട. എന്തുവിലകൊടുത്തും സിപിഎം ഭീഷണിയെ കോൺഗ്രസ് പ്രതിരോധിക്കും. സിപിഎമ്മിന്‍റെ ഗുണ്ടകൾ വീടുകൾ തോറും കയറി ഭയപ്പെടുത്തി പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് എന്നും സുധാകരൻ പറഞ്ഞു. കൂടാതെ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സിപിഎം പ്രവർത്തകർ റിട്ടേണിങ് ഓഫീസറുടെ മുന്നിൽ എത്തി നാമനിർദേശ പത്രിക പിന്‍വലിപ്പിക്കുകയാണ്. സിപിഎം ആക്രമണത്തെ ഭയന്ന് റിട്ടേണിങ് ഓഫീസർമാർ നാമനിർദേശ പത്രിക തള്ളുകയാണ്. ഇത് എന്ത് ജനാധിപത്യമാണ്? ഈ രീതിയുമായി മുന്നോട്ടുപോകാൻ സിപിഎം തീരുമാനിച്ചാൽ ഇതൊരു കലാപ ഭൂമിയായി മാറും. ഞങ്ങളാരും മോശക്കാരല്ല, ഞങ്ങൾക്കും ഉണ്ട് ചോരത്തിളപ്പുള്ള കുട്ടികൾ അവരെ ഞങ്ങൾ ഇറക്കിയാല്‍ ഈ നാടിന്‍റെ ഗതിയെന്താവും? ഈ നാടിനോട് കൂറുണ്ടെങ്കില്‍, ജനാധിപത്യത്തോട് ബഹുമാനം ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഗുണ്ടകൾ ഇതുപോലെ ചെയ്യുമ്പോൾ അതിനെ നിയന്ത്രിക്കാൻ തന്‍റേടികളായ നേതാക്കളില്ലാത്ത, അപ്പനില്ലാത്ത പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ് എന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്നത് സിപിഎം കാടത്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സപിഎം ഭീഷണിപ്പെടുത്തുന്നതെന്നും സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ കണ്ണൂരിലേത് എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎം കാടത്തമാണെന്നും സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും വിഡി സതീശൻ പറഞ്ഞു.

വിഡി സതീശന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം

ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തിരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയം ആഘോഷിക്കുന്നത്. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ത്ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സിപിഎമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നത്. സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായവരെ ഭീഷണിപ്പെടുത്തി. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്. ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നത് സിപിഎം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു