പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നാളെ മലപ്പുറത്ത് പരിശീലനം; തെക്കന്‍ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് നഷ്ടമാകും

By Web TeamFirst Published Dec 7, 2020, 6:51 PM IST
Highlights

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഡ്യൂട്ടിയിലും മറ്റ് അവശ്യസേവന വിഭാഗങ്ങളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ തപാല്‍ വോട്ട് അനുവദിക്കൂവെന്നതിനാല്‍ ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനും സാധിക്കില്ല.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട പോളിംഗ് നടക്കുന്ന മലപ്പുറത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലന പരിപാടി നിശ്ചയിച്ചതില്‍ അപാകത. തിരുവനന്തപുരം ഉള്‍പ്പെടെയുളള തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്ന ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തുന്നതുള്‍പ്പെടെയുളള പരിശീലനത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് അറിയിപ്പ്. എന്നാല്‍ തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും അടക്കം ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ നിന്ന് മലപ്പുറം ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത് മൂലം വോട്ട് നഷ്ടപ്പെടുത്തേണ്ട സ്ഥിതിയാണ്.

തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഡ്യൂട്ടിയിലും മറ്റ് അവശ്യസേവന വിഭാഗങ്ങളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ തപാല്‍ വോട്ട് അനുവദിക്കൂവെന്നതിനാല്‍ ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനും സാധിക്കില്ല. ഞായറാഴ്ച വൈകിട്ടാണ് കലക്ട്രേറ്റില്‍ നിന്ന് പരിശീലനം സംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങിയത്. ഇ മെയില്‍ വഴിയും മറ്റുമാണ് പലര്‍ക്കും അറിയിപ്പ് നല്‍കിയത്.

പക്ഷെ അതിനോടകം തെക്കന്‍ ജില്ലകളില്‍ നിന്നും ഇവിടെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും വോട്ട് ചെയ്യാനായി വീടുകളിലേക്ക് മടങ്ങിയിരുന്നു. കൊറോണയും തെരഞ്ഞെടുപ്പും മൂലം ഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ പെട്ടന്ന് മടങ്ങാനാകാത്ത സ്ഥിതിയിലാണ് പലരും.

ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. റിസര്‍വ്വ് ലിസ്റ്റില്‍ ഉള്‍പ്പെടെയുളള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും ആണ് പരിശീലനം. നേരത്തെയുളള പരിശീലനങ്ങളില്‍ പങ്കെടുക്കാത്തവര്‍ നിര്‍ബന്ധമായും ചൊവ്വാഴ്ച പങ്കെടുക്കണമെന്നും അറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഫലത്തില്‍ ഈ ജില്ലകളില്‍ നിന്നുളള നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മതിദാനാവകാശം നഷ്ടമാകും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.മൂന്നാം ഘട്ടമായ 14 നാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

click me!