
തിരുവനന്തപുരം: മുനിസിപ്പാലിറ്റികള്‍ക്ക് പിന്നാലെ ത്രിതല പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പിലും നറുക്കിലെ ഭാഗ്യം കൂടുതൽ യുഡിഎഫിന്. ഇരു മുന്നണികൾക്കും 8 വീതം സീറ്റുകൾ ലഭിച്ച വയനാട് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും മുന്നണികൾ ഒപ്പത്തിനൊപ്പം. എക്കാലത്തും യുഡിഎഫിനൊപ്പമായിരുന്ന ജില്ലാ പഞ്ചായത്തിൽ നറുക്കെടുപ്പിലുടെ ഭാഗ്യം ആവർത്തിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്‍റ് സംഷാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി. വൈസ് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ തന്നെ എൽഡിഎഫിന് ലഭിച്ചു. 11 സീറ്റുകൾ ഇടത് വലത് മുന്നണികൾ നേടിയ പനമരം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഭരണം എൽഡിഎഫിന് കിട്ടി. ഒരു സീറ്റുള്ള എൻഡിഎ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
സംസ്ഥാനത്തൊട്ടാകെ എടുത്താലും ഭാഗ്യം കൂടുതൽ തുണച്ചത് യുഡിഎഫിനെയാണ്. മലപ്പുറത്ത് നറുക്കെടുത്ത പത്തിൽ ആറിടത്തും ഭാഗ്യം തുണച്ചത് യുഡിഎഫിനെയായിരുന്നു. നാലിടത്ത് എൽഡിഎഫിനും. വണ്ടൂരിൽ യുഡിഎഫ് അംഗം മരിച്ചതിനാലും നിറമരൂതൂരിൽ ഒരു യുഡിഎഫ് അംഗത്തിന്‍രെ വോട്ട് അസാധുവായതിനെ തുടര്‍ന്നുമാണ് നറുക്കിട്ടത്.
കൊല്ലത്ത് നാലിടത്താണ് യുഡിഎഫിനെ ടോസ് തുണച്ചത്. ആലപ്പുഴയിൽ ചന്പക്കുളം ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് നറുക്ക് വീണു. കണ്ണൂരിൽ ഇരിക്കൂർ ബ്ലോക്കിലും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലും യുഡിഎഫിനെ ഭാഗ്യം തുണച്ചു. ആറളത്ത് നറുക്കിൽ എൽഡിഎഫിനായി ഭരണം. തിരുവനന്തപുരത്ത് വെള്ളനാട് ബ്ലോക്കിലും അതിയന്നൂരിലും യുഡിഎഫും തിരുപുറത്ത് എൽഡിഎഫും നറുക്കിൽ ഭരണം പിടിച്ചു.
കാസര്‍കോട് മൂളിയാറിലും പൈവളിഗെയിലും എൽഡിഎഫിനെ ടോസ് തുണച്ചു. ബദിയടുക്കയിൽ യുഡിഎഫിന് ടോസ് വീണു. തൃശ്ശൂരിൽ മൂന്നിടത്താണ് മുന്നണിക്ക് നറുക്ക് വീണത്. ഒരിടത്ത് ബിജെപിയെയും നറുക്ക് തുണച്ചു. എരുമേലിയിൽ കോണ്‍ഗ്രസ് അംഗത്തിന്‍റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് നറുക്കിട്ടത്. ഭരണം ഇടതു മുന്നണിക്ക് ലഭിച്ചു. മുളക്കുളത്തും മാഞ്ഞൂരിലും എൽ.ഡിഎഫിന് നറുക്ക് വീണു. ഭരണങ്ങാനത്ത് യുഡിഎഫിനും.
കോഴിക്കോട്ട് ടോസിൽ ഉണ്ണികുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് കിട്ടിയപ്പോള്‍ കായക്കൊടി എൽഡിഎഫിന് കിട്ടി. പാലക്കാട് നറുക്കിട്ട മൂന്നു പഞ്ചായത്തുകള്‍ യുഡിഎഫിനും രണ്ടിടത്ത് എൽഡിഎഫിനും ഭരണം കിട്ടി. നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന കാവശ്ശേരിയിൽ കോൺഗ്രസ് അംഗത്തിൻ്റെ വോട്ട് അസാധുവായതിനെ തുടർന്ന് എൽഡിഎഫ് വിജയിച്ചു. കപ്പൂർ, കൊപ്പം പഞ്ചായത്തുകളിൽ എൽഡിഎഫിനും നെന്മാറ, കുഴൽമന്ദം, മങ്കര പഞ്ചായത്തുകളിൽ യുഡിഎഫിനും അധ്യക്ഷ സ്ഥാനം ലഭിച്ചു. ഇടുക്കിയിൽ നറുക്കിട്ട മൂന്നിടത്ത് രണ്ടെണ്ണം എൽഡിഎഫിനും ചിന്നക്കലാലിൽ യുഡിഎഫിനും ഭരണംകിട്ടി. സിപിഐയുമായുള്ള തർക്കത്തെ തുടർന്ന് സിപിഎം സ്വതന്ത്രൻ വിട്ടുനിന്നതാണ് ചിന്നക്കനാലിൽ നറുക്കെടുപ്പിന് ഇടയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam