തദ്ദേശ വാര്‍ഡ് വിഭജനം: ബില്ല് പാസാക്കിയത് മോദി ശൈലിയെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം: തിരിച്ചടിച്ച് മന്ത്രി

Published : Jun 11, 2024, 01:15 PM IST
തദ്ദേശ വാര്‍ഡ് വിഭജനം: ബില്ല് പാസാക്കിയത് മോദി ശൈലിയെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം: തിരിച്ചടിച്ച് മന്ത്രി

Synopsis

സ്പീക്കര്‍ വിഷയത്തിൽ റൂളിങ് നൽകിയതിന് പിന്നാലെ സംഘപരിവാര്‍ രീതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ നിര്‍ണയ ബിൽ പാസാക്കിയതിൽ പ്രതിപക്ഷം നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. ബില്ല് പാസാക്കിയ രീതി മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുതരമായ ചട്ടലംഘനമെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. എന്നാൽ 2020 ൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായം കേട്ട് പാസാക്കിയ ബില്ലാണെന്നും അപ്പോൾ എതിര്‍ത്തിരുന്നെങ്കിൽ സര്‍ക്കാര്‍ ബിൽ പാസാക്കില്ലായിരുന്നുവെന്നും മന്ത്രി എംബി രാജേഷ് മറുപടി പറഞ്ഞു. സ്പീക്കര്‍ വിഷയത്തിൽ റൂളിങ് നൽകിയതിന് പിന്നാലെ സംഘപരിവാര്‍ രീതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

തദ്ദേശ വാർഡ് പുനർനിർണയ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് ഒഴിവാക്കിയതിനെയാണ് മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവാണ് വിമര്‍ശിച്ചത്. ബില്ലിൽ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നടപ്പാക്കിയ സബ്ജക്ട് കമ്മിറ്റി ലോക്സഭ പോലും മാതൃകയാക്കിയതാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റിക്ക് ബിൽ വിടാതിരുന്നതിൽ സർക്കാരിൻ്റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ചട്ട ലംഘനമെന്ന് വിമര്‍ശിച്ച മുസ്ലീം ലീഗ്, ചർച്ചക്കും അഭിപ്രായം പറയാനും അവസരം കിട്ടിയില്ലെന്ന് കുറ്റപ്പെടുത്തി.

വിഷയത്തിൽ സര്‍ക്കാരിന് വാശിയോ ഏകാധിപത്യ നിലപാടോ ഇല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. തിടുക്കമുള്ളതുകൊണ്ടാണ് ബില്ല് പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപുള്ള മുന്നൊരുക്കത്തിന് ഒരു വർഷം വേണം. 2020 ൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായമെല്ലാം കേട്ട് പാസാക്കിയ ബില്ലാണിത്. ഒരിക്കൽ ചർച്ച ചെയ്ത് അംഗീകരിച്ച ബില്ലാണ്. പ്രതിപക്ഷ നേതാവ് അപ്പോൾ എതിർത്തെങ്കിൽ സർക്കാർ പാസാക്കില്ലായിരുന്നു. ബഹളത്തിനിടെ പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധയോടെ  കേട്ടിരിക്കുന്നത് താൻ കണ്ടുവെന്നും പാർലമെൻ്ററി കാര്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിച്ചുവെന്നാണ് താൻ മനസിലാക്കിയതെന്നും എം ബി രാജേഷ് പറഞ്ഞു.

ഫോട്ടോ എടുപ്പിന് ശേഷം നടന്ന് വരുമ്പോൾ പാര്‍ലമെൻ്ററി കാര്യ മന്ത്രി എന്തോ പറഞ്ഞു, എന്താണെന്ന് പോലും മനസിലായില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമര്‍ശനം. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്ന് അജണ്ട വെച്ച ശേഷം ഇത് ചെയ്യാതെ ബില്ല് പാസാക്കുകയായിരുന്നു. ഈ നടപടി അംഗീകരിക്കാനാവില്ല. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്നത് സഭാ ചട്ടമാണെന്നും എന്നാൽ ചില അവസരങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും അത് മറികടന്ന ചരിത്രം സഭക്കുണ്ടെന്നും സ്പീക്കര്‍ റൂളിംഗിൽ നിലപാടെടുത്തു. സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് തന്നെയാണ് അഭികാമ്യം. പക്ഷെ അടിയന്തര സ്വഭാവം ഉള്ളതായതിനാലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതിരുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി. നടപടി സംഘപരിവാർ രീതിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗതാഗതക്കുരുക്ക് ഒഴിയാതെ താമരശ്ശേരി ചുരം; ഇന്നും തിരക്ക് കൂടാൻ സാധ്യത, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരം
Malayalam News live: ഗതാഗതക്കുരുക്ക് ഒഴിയാതെ താമരശ്ശേരി ചുരം; ഇന്നും തിരക്ക് കൂടാൻ സാധ്യത, നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മൾട്ടി ആക്സിൽ വാഹനങ്ങളുടെ സഞ്ചാരം