തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സ്: മന്ത്രിമാരുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി

By Web TeamFirst Published Jan 16, 2020, 9:10 AM IST
Highlights

ഓർഡിനൻസിനെ എതിര്‍ത്ത് ഗവർണർ ശക്തമായ നിലപാടെടുത്തതോടെയാണ് സർക്കാരിന്റെ തീരുമാനം പ്രതിസന്ധിയിലായത്. 2011 സെൻസസ് അനുസരിച്ച് വാർഡുകൾ പുതുക്കി വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം.

തിരുവനന്തപുരം: വാർഡുകൾ പുനർവിഭജനത്തിലെ  പ്രതിസന്ധി മറികടക്കാൻ ചര്‍ച്ചയ്ക്കൊരുങ്ങി സർക്കാർ. മുഖ്യമന്തി ഇന്ന് മന്ത്രിമാരുമായി ചർച്ച നടത്തും. നിയമ വിദഗ്ധരുമായി ആലോചിക്കും. ഓർഡിനൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കാനും ആലോചനയുണ്ട്.

ഓർഡിനൻസിനെ എതിര്‍ത്ത് ഗവർണർ ശക്തമായ നിലപാടെടുത്തതോടെയാണ് സർക്കാരിന്റെ തീരുമാനം പ്രതിസന്ധിയിലായത്. 2011 സെൻസസ് അനുസരിച്ച് വാർഡുകൾ പുതുക്കി വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം. ചുരുങ്ങിയത് ഒരു വാർഡെങ്കിലും ഓരോ തദ്ദേശസ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓർ‍ഡിനൻസ്. രണ്ടാഴ്ച മുൻപ് ആണ് ഓർഡിനൻസ് ഇറക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയാണ് സർക്കാരിനെ വെട്ടിലാക്കിയത്. 

2011ലെ സെൻസസ് അനുസരിച്ച് വാർഡുകൾ വിഭജിച്ചാൽ ഇനി നടക്കാൻ പോകുന്ന പുതിയ സെൻസസിൽ കെട്ടിടങ്ങളുടെ നമ്പർ ഉൾപ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ ഗവർണർക്ക് നേരത്തേ തന്നെ വിശദീകരണം നൽകിയിരുന്നു. സെൻസസ് തീരും വരെ കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകില്ല എന്ന് വരെ സർക്കാർ രണ്ടാമത്തെ മറുപടിയിലും വ്യക്തമാക്കി. അതിലും ഗവർണർ തൃപ്തനല്ല. ഒപ്പിടാൻ സാധ്യതയില്ലെന്നാണ് സൂചന.

ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചാൽ സർക്കാരിന് നിയമസഭയിൽ പുതിയബിൽ കൊണ്ടുവരാം. പക്ഷെ തിരിച്ചയക്കാത്ത സാഹചര്യത്തിൽ തുടർനടപടികളെല്ലാം അനിശ്ചിതത്വത്തിലാണ്. പൗരത്വനിയമത്തിൽ സർക്കാരിനോട് കൈകോർത്ത് ഗവർണർക്കെതിരെ പോരാടിയ പ്രതിപക്ഷം തൊട്ടുപിന്നാലെ വാർഡ് വിഭജനകാര്യത്തിൽ ഗവർണറുടെ സഹായം തേടിക്കൊണ്ട് സർക്കാരിന് തിരിച്ചടി നൽകുന്നു എന്നതാണ് ശ്രദ്ധേയം.

click me!