
കരുണാപുരം: ഇടുക്കിയിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച കരുണാപുരം പഞ്ചായത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് കുമ്മായവുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞു. പൊലീസ് അനധികൃതമായാണ് ലോറി കടത്തിവിട്ടതെന്ന് ആരോപിച്ച് പഞ്ചായത്തംഗം ഉൾപ്പടെയുള്ളവർ പൊലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. ലോറിക്ക് കളക്ടറുടെ പാസുണ്ടെന്ന് പറഞ്ഞ പൊലീസ് പ്രതിഷേധിച്ച 4 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
ബിജെപി പ്രദേശിക നേതാവായ മോഹൻദാസിന്റെ തോട്ടത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് കുമ്മായവുമായി വന്നതാണ് ലോറി. വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം രഞ്ജു ബിജു ഉൾപ്പടെയുള്ളവർ ലോറി തടഞ്ഞു. പൊലീസിനെ വിവരമറിയിച്ചു. കളക്ടറുടെ പാസുണ്ടെന്നും ഇതിനാലാണ് കമ്പംമേട്ട് ചെക്ക്പോസ്റ്റിൽ നിന്ന് കടത്തി വിട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ സമ്മതിക്കാതിരുന്ന നാട്ടുകാർ പൊലീസുമായി ഉന്തും തള്ളുമായി. പൊലീസ് ഒത്തുകളിച്ചെന്നാരോപിച്ച് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു.
ആളുകൾ കൂട്ടംകൂടിയതിന് പഞ്ചായത്തംഗവും,സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നാണ് കേസ്. പ്രതിഷേധം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് കൊവിഡ് സ്ഥിരീച്ച പതിനാലുകാരി പെണ്കുട്ടിയുടെ വീട്. ഇതറിഞ്ഞിട്ടും കമ്പംമേട്ട് പൊലീസ് അനധികൃതമായി ആളുകളെ കടത്തിവിടുന്നുണ്ടെന്നും, എസ്പിക്കും ഡിജിപിക്കും പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam