
കോഴിക്കോട്: കായക്കൊടിയിൽ ഭൂചലനമുണ്ടായതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ജിയോളജിസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. കായക്കൊടിയിൽ ഭൂമി കുലുക്കം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് സിഎസ് മഞ്ജു പറഞ്ഞു. ഭൂമിക്കടിയിൽ ചെറിയ ചലനം ഉണ്ടായിട്ടുണ്ടാവാം.
ഈ കാര്യത്തിൽ വിശദ പരിശോധന നടത്തണം. വിശദ പരിശോധനക്ക് ജില്ലാ കളക്ടറോട് ശുപാർശ ചെയ്യും. ഇന്ന് നടത്തിയ പരിശോധന സംബന്ധിച്ച റിപ്പോർട്ട് നാളെ കളക്ടർക്ക് നൽകും. സംസ്ഥാന ദുരന്ത നിവാര അതോറിറ്റി പഠനം നടത്തണമെന്നും സിഎസ് മഞ്ജു പറഞ്ഞു. നാദാപുരം എംഎൽഎ ഇകെ വിജയനും സ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങി. കായക്കൊടി എള്ളിക്കാപ്പാറയിലാണ് ഭൂചലനമനുഭവപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടത്.