പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ലെന്നും താാനും മേയർ ആയിരുന്നുവെന്ന് മന്ത്രി ശിവൻകുട്ടി. മൂന്നാമത് സ്വീകരിക്കുന്നത് മേയറാണ്. ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനമെന്നും മന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ല. താനും മേയർ ആയിരുന്നു. പ്രധാനമന്ത്രിയെ മൂന്നാമത് സ്വീകരിക്കേണ്ടത് മേയറാണ്. ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിലെ ബിജെപിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
വികസനം പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ വികസനത്തെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ബിജെപി ഗ്രൂപ്പിസമാണോ, വിവി രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല. പക്ഷേ തിരുവനന്തപുരത്തിന് ഒരു വികസന പദ്ധതിയും പ്രഖ്യാപിച്ചില്ല. തലസ്ഥാന നഗരിയോട് കാണിക്കുന്ന അവഗണനയാണ് മേയറെ സ്വീകരിക്കാൻ കൂട്ടാക്കാത്തത്. തലസ്ഥാന നഗരിയിലെ ജനങ്ങളെ പറഞ്ഞു പറ്റിക്കലാണ് ഇന്ന് ചെയ്തിരിക്കുന്നത്. 45 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന ബ്ലൂ പ്രിന്റ് ഒരുപക്ഷേ തെറ്റായി പ്രഖ്യാപിച്ചത് ആയിരിക്കാം. ഇതിന് പ്രോട്ടോകോൾ മാന്വൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പിലാക്കേണ്ടത്. മേയർ തെറ്റായി ധരിച്ചിരിക്കുകയാണ്. അതാണ് വി വി രാജേഷ് ന്യായീകരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് ബിജെപി നേതാക്കളാണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ ഇല്ലാതിരുന്നതിൽ വിവാദം
തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയർ ഇല്ലാതിരുന്നതിൽ വിവാദം പുകയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് വിവി രാജേഷിനെ ഒഴിവാക്കിയെന്നും തിരുവനന്തപുരത്തോടുളള അവഗണനയാണെന്നും സിപിഎം ആരോപിച്ചു. എന്നാൽ രണ്ട് പരിപാടികളിലും സാന്നിധ്യം ഉറപ്പാക്കാനെടുത്ത തീരുമാനമെന്ന് മേയർ വിശദീകരിക്കുന്നു. കേരളത്തിലാദ്യമായി ബിജെപി ഭരണം പിടിച്ച കോർപ്പറേഷനിലേക്ക് മോദിയുടെ ആദ്യ വരവായിരുന്നു ഇന്നത്തേത്. എന്നാൽ വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചത് ഗവർണറും മുഖ്യമന്ത്രിയും ചേർന്നായിരുന്നു. വിവി രാജേഷിനെ ഒഴിവാക്കിയെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിൽ പോകാതിരുന്നത് രണ്ട് പരിപാടികളിലും പങ്കെടുക്കേണ്ടതുകൊണ്ടെന്നാണ് മേയറുടെ വിശദീകരണം. പ്രോട്ടോക്കോൾ,സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണെന്നും വി വി രാജേഷ് പ്രതികരിച്ചു. ഉപരാഷ്ട്രപതി കഴിഞ്ഞ മാസം എത്തിയപ്പോൾ സ്വീകരിക്കാൻ വിവി രാജേഷ് എത്തിയിരുന്നു. ഇന്ന് പുത്തരിക്കണ്ടത്തെ രണ്ട് വേദിയിലും മോദിക്കൊപ്പം സജീവമായി മേയറുണ്ടായി. ബിജെപി വേദിയിൽ പ്രധാനമന്ത്രി വിവി രാജേഷിനെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.



