ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. അതേസമയം, ദില്ലി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നത് ചർച്ചയായിക്കഴിഞ്ഞു.
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം തുടര്‍ തീരുമാനങ്ങള്‍ക്കായി ചൊവ്വാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. അതേസമയം, ദില്ലി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്. രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഖര്‍ഗെയുടെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നരഹിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ യോഗം തീരുമാനമെടുത്തില്ല. മത്സരിക്കേണ്ടതില്ലെന്നാണ് ധാരണ. ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. അതടക്കം തീരുമാനങ്ങള്‍ കേരളത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് പിന്നാലെ വരുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. പ്രചാരണ സമിതിയുടെ മുഖമാരെന്ന തീരുമാനവും പിന്നീട് വരും.
രാഹുല്‍ ഗാന്ധിയും, ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാലിനെ നേതാക്കള്‍ പ്രത്യേകം കണ്ടു. അതേ സമയം തരൂരിന്‍റെ അസാന്നിധ്യം കല്ലുകടിയായി. എറണാകുളത്തെ മഹാപഞ്ചായത്ത് വേദിയിലുണ്ടായ അപമാനത്തില്‍ മുറിവേറ്റ തരൂര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. കൈയില്‍ കിട്ടിയ പേപ്പറിലെ പേരുകളാണ് വായിച്ചതെന്നും, തരൂരിനെ അവഗണിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. രാഹുല്‍ ഗാന്ധിയെത്തും മുന്‍പ് പ്രസംഗിപ്പിച്ചതിലടക്കം മറ്റ് ചില നേതാക്കളുടെ ചരട് വലിയും തരൂര്‍ ക്യാമ്പ് സംശയിക്കുന്നുണ്ട്.



