കാസർകോട് കൊവിഡ് സാമൂഹിക വ്യാപന പരിശോധനക്കെത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു

By Web TeamFirst Published Jun 1, 2020, 8:02 PM IST
Highlights

സ്രവം ശേഖരിക്കാനെത്തിയ ആരോഗ്യപ്രവർത്തകരിൽ നിന്ന് കൊവിഡ് പകരുമോയെന്ന ഭീതി കൊണ്ടാണ് നാട്ടുകാർ പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് വിവരം

കാസർകോട്: കൊവിഡ് സാമൂഹിക വ്യാപനം അറിയുന്നതിനായി പരിശോധനക്കെത്തിയ സംഘത്തെ നാട്ടുകാർ തഞ്ഞു. കാസർകോട് കുമ്പളയിലാണ് സംഭവം. പെർവാർഡ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തെയാണ് സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാരിൽ ഒരു വിഭാഗം തടഞ്ഞത്.

വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിരിച്ചുവിട്ടു. കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടോയെന്ന് അറിയാനായി സ്രവം ശേഖരിക്കാൻ എത്തിയതായിരുന്നു ആരോഗ്യപ്രവർത്തകർ. എന്നാൽ തടിച്ചുകൂടിയ നാട്ടുകാർ ഈ പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു.

സ്രവം ശേഖരിക്കാനെത്തിയ ആരോഗ്യപ്രവർത്തകരിൽ നിന്ന് കൊവിഡ് പകരുമോയെന്ന ഭീതി കൊണ്ടാണ് നാട്ടുകാർ പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് വിവരം. അതേസമയം ഇവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും ആരോഗ്യ നിയമ ലംഘനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

click me!