
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് ഒരിക്കൽ പിടിച്ചെടുത്ത് വിട്ടുനൽകിയ വാഹനങ്ങളുടെ ഉടമകൾ വീണ്ടും നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഒരിക്കൽ പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടും പിടിച്ചാൽ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാപക പ്രചരണം നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേരളത്തിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതു കണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ വേണമെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കും. ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്തേണ്ട അവസ്ഥയില്ല. വൈറസിന്റെ വ്യാപനം എപ്പോൾ എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam