കേരള - തമിഴ്‌നാട് അതിർത്തിയിലെ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web TeamFirst Published Apr 13, 2020, 8:07 PM IST
Highlights

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു

കുമളി: തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ അതിർത്തി പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, അഞ്ച്, ഏഴ് വാർഡുകൾ, ഉടുമ്പൻചോല അഞ്ച്, ഏഴ് വാർഡുകൾ, നെടുംകണ്ടം എട്ട്, ഒൻപത്, 11 വാർഡുകൾ, കരുണപുരം പഞ്ചായത്തിലെ നാല്, ഏഴ്, 10, 11 വാർഡുകൾ, വണ്ടന്മേട് പഞ്ചായത്തിലെ ഏഴ്, പത്ത് വാർഡുകൾ, ചക്കുപള്ളം പഞ്ചായത്തിലെ എട്ട്, 11 വാർഡുകൾ, കുമളി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 12 വാർഡുകൾ, ചിന്നക്കനാൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഏപ്രിൽ 21 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിവിധ ഊടുവഴികളിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ളവർ അതിർത്തി കടക്കുന്നതായി വാർത്ത വരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ അടിയന്തിര നടപടിയെടുക്കാൻ നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

click me!