
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾക്കിടെ പല സ്ഥാപനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും സംസ്ഥാനത്തെ ബ്യൂട്ടി പാർലറുകളും സലൂണുകളും രണ്ടു മാസമായി അടഞ്ഞുകിടക്കുകയാണ്. എപ്പോൾ മുതൽ വീണ്ടും തൊഴിലെടുക്കാനാകുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന അഞ്ച് ലക്ഷത്തോളം ആളുകൾ.
.
മൂന്ന് വർഷം മുമ്പ് വിവാഹത്തിന് പിന്നാലെ ഡാർജിലിംഗിൽ നിന്നും കേരളത്തിലേക്ക് വന്നതാണ് രാകുലും റോബിനും. ഒന്നിച്ച് ഒരു ബ്യൂട്ടിപാർലറിൽ ജോലി. പക്ഷെ രണ്ടു മാസമായി ബ്യൂട്ടിപാലർറിനൊപ്പം ഇവരുടെ ജീവിതത്തിനും ഷട്ടർ വീണിരിക്കുകയാണ്.
"ഞങ്ങൾ ഇവിടെയാണ്. അതിനാൽ ഭക്ഷണം കിട്ടുന്നുണ്ട്. പക്ഷെ വീട്ടിലേക്ക് ഒന്നും അയക്കാനാവുന്നില്ല."- റോബിൻ
ഇവരെ പോലെ കേരളത്തിലെ ബ്യൂട്ടിപാർലറുകളുടെയും സലൂണുകളുടെയും നെടുംതൂണുകളാണ്, വടക്ക് കിഴക്കൻ ഇന്ത്യിൽ നിന്ന് വന്ന് ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തോളം പേർ. ജനതാ കർഫ്യൂവിനും മുമ്പ് തന്നെ പല സലൂൺ ഉടമകളും ഇവരെ മടക്കി അയച്ചു. ചുരുക്കം ചിലർ മാത്രമാണ് ഭക്ഷണവും താമസവും നൽകി ഇവരെ സംരക്ഷിക്കുന്നത്.
"ഞങ്ങളാണ് വീട് നോക്കുന്നത്. ഞങ്ങൾക്ക് ജോലിയില്ലെങ്കിൽ വീട് നോക്കാനുമാകില്ല. അവിടെ പ്രശ്നമാണ്."-രാകുൽ
ഏപ്രിൽ മെയ് മാസങ്ങളാണ് ബ്യൂട്ടിപാർലറുകൾക്ക് സീസൺ. ഈ കാലം അടഞ്ഞുകിടന്നതോടെ പല വൻകിട ബ്യൂട്ടിപാർലറുകളുടെയും നഷ്ടം 25 ലക്ഷം രൂപ വരെയുണ്ടെന്നാണ് സലൂൺ ഓണേഴ്സ് അസോസിയേഷൻ പറയുന്നത്. ചെറുകിടക്കാർക്ക് പോലും ഒരു ലക്ഷം രൂപ വരെ നഷ്ടം
ഉപകരണങ്ങൾ അണുവിമുക്തമാക്കാനും വ്യക്തിശുചിത്വം ഉറപ്പാക്കാനും വീടുകളിൽ ചെന്നുള്ള സേവനങ്ങളേക്കാൾ സുരക്ഷിതം സലൂണുകൾ തുറക്കുന്നത് തന്നെയാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. 17ന് ശേഷമെങ്കിലും ഈ മേഖലയ്ക്ക് അൽപമെങ്കിലും ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam