
തൃശൂര്‍: ആളും ആരവങ്ങളുമില്ല ഇന്ന് തൃശൂര്‍ പൂരം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടക്കുക.ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ചടങ്ങ് പോലുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കുന്നത്.
തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊടിയേറ്റം സാധാരണ പോലെ നടത്താനാണ് ദേവസ്വം പിന്നീട് തീരുമാനിക്കുകയായിരുന്നു. ചടങ്ങില്‍ അഞ്ച് പേർ മാത്രമാണ് പങ്കെടുത്തത്.
ഒരാനപുറത്ത് എഴുന്നെള്ളിപ്പ് നടത്താൻ പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം അനുമതി തേടിയെങ്കിലും കളക്ടര്‍ തള്ളി. എഴുന്നെള്ളിപ്പും ആനയും മേളയും ഉണ്ടായാല്‍ ആളുകള്‍ കൂട്ടിത്തോടെയെത്തും എന്ന വിലയിരുത്തലിലെ തുടര്‍ന്നാണ് പാറമേക്കാവിന്റെ ആവശ്യം തള്ളിയത്. ഞായറാഴ്ച നടക്കുന്ന ഉപചാരം ചൊല്ലിപിരിയലും ഉണ്ടാകില്ല. പൂരം ചടങ്ങ് പോലുമില്ലാതെ പൂര്‍ണമായി ഒഴിവാക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. നേരത്തെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കൊല്ലം ഉള്‍പ്പെടെ നാല് തവണയാണ് പൂരം ചടങ്ങ് മാത്രമാക്കി നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam