ലോക്ഡൗണ്‍ ലംഘിച്ച് ഹോട്ടലിലെ ഭക്ഷണം കഴിക്കൽ; രമ്യയ്ക്കൊപ്പമുണ്ടായിരുന്നവ‍ർ മർദ്ദിച്ചെന്ന് വീഡിയോ എടുത്ത യുവാവ്

By Web TeamFirst Published Jul 25, 2021, 8:43 PM IST
Highlights

ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന  പരാതിയില്‍ രമ്യ ഹരിദാസ് എംപിക്കെതിരെ ആരോപണവുമായി വീഡിയോ എടുത്ത യുവാവ്. രമ്യ ഹരിദാസ് എം പി,   വി ടി. ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രമ്യ ഹരിദാസ് എംപിക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് ദൃശ്യങ്ങളെടുത്ത യുവാവ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
 
ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വി ടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യാ ഹരിദാസിന്‍റെ വിശദീകണം.

ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. രമ്യ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി. രമ്യാ ഹരിദാസ് നാടകം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ വിമര്‍ശിച്ചു. എം പി ഗുണ്ടകളെ കൂടെ കൊണ്ട് നടക്കുകയാണ്. എം പിയുടെ അടുത്തെത്താൻ ജനങ്ങൾ പേടിക്കുകയാണ്. രമ്യ ഹരിദാസ് ഇത് തിരുത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!