2019 തെരഞ്ഞെടുപ്പ്, 2020 പിളര്‍പ്പ്; കലങ്ങിമറിഞ്ഞ കോട്ടയം 2024ല്‍ ആര് പിടിക്കും?

By Web TeamFirst Published Mar 19, 2024, 9:51 AM IST
Highlights

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി, എന്നാല്‍ പിന്നീട് സംഭവിച്ചത്...

കോട്ടയം: പിളര്‍പ്പുകളും മുന്നണി മാറ്റങ്ങളും ഏറെ കണ്ട സംഭവബഹുലമായ കേരള കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്‍റെ വിളനിലമാണ് കോട്ടയം ലോക്‌സഭ മണ്ഡലം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തുനിന്ന് മത്സരിച്ച് വിജയിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടന്‍ 2020ലെ പിളര്‍പ്പോടെ എല്‍ഡിഎഫിലെത്തിയത് കേരളം കണ്ടു. ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ചാഴിക്കാടന്‍ ഇറങ്ങുമ്പോള്‍ യുഡിഎഫിനായി ഫ്രാന്‍സിസ് ജോര്‍ജും എന്‍ഡിഎയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കോട്ടയത്ത് അങ്കം കുറിച്ചിരിക്കുന്നത്. 

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് തോമസ് ചാഴിക്കാടനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി സിപിഎമ്മിലെ വി എന്‍ വാസവനും എന്‍ഡിഎ സ്വതന്ത്രനായി കേരള കോണ്‍ഗ്രസിലെ അഡ്വ. പി സി തോമസും മത്സരത്തിനിറങ്ങി. 9,10,648 പേര്‍ വോട്ട് ചെയ്‌ത കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്‍ 1,06,251 വോട്ടുകളുടെ വന്‍ വിജയം സ്വന്തമാക്കി. തോമസ് ചാഴിക്കാടന്‍ 421,046 ഉം, വി എന്‍ വാസവന്‍ 3,14,787 ഉം, പി സി തോമസ് 1,54,658 ഉം വോട്ടുകള്‍ നേടി. തൊട്ടുമുമ്പത്തെ 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിലെ ജോസ് കെ മാണി 120,599 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോട്ടയത്ത് നിന്ന് ജയിച്ച് പാര്‍ലമെന്‍റിലെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലത്തിലുള്ള കരുത്ത് ഈ കണക്കുകള്‍ കാട്ടുന്നു. 

കോഴിക്കോടിന്‍റെ സുല്‍ത്താന്‍ ആരാകും; 2019 തെരഞ്ഞെടുപ്പ് ഫലം സൂചനയോ? നിര്‍ണായക ഘടകങ്ങള്‍ ഇവ

2020ല്‍ കേരള കോണ്‍ഗ്രസില്‍ സംഭവിച്ച പിളര്‍പ്പ് കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ മുന്നണി സമവാക്യം പൊളിച്ചെഴുതി. 2020 ഒക്ടോബര്‍ 14ന് മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തി. പിളര്‍പ്പില്‍ ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നിന്ന തോമസ് ചാഴിക്കാടന്‍ എം പിയായി തുടര്‍ന്നു. സിപിഎമ്മിന്‍റെ ജില്ലയിലെ കരുത്തനായ നേതാക്കളിലൊരാളായ വി എന്‍ വാസവനെ തോല്‍പിച്ച അതേ തോമസ് ചാഴിക്കാടനാണ് 2024ല്‍ കോട്ടയത്ത് എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ കെ ഫ്രാന്‍സിസ് ജോര്‍ജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം ബിഡിജെഎസിന് അനുവദിച്ച സീറ്റില്‍ എന്‍ഡിഎയ്ക്കായി പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. ഏറെ കോളിളക്കം കണ്ട കേരള കോണ്‍ഗ്രസ് രാഷ്ട്രീയം കോട്ടയത്ത് എന്ത് വിധിയെഴുതും എന്ന് കാത്തിരുന്നറിയാം. 

Read more: ലീഗും മലപ്പുറവും ചരിത്രവും; ഇ ടി മുഹമ്മദ് ബഷീര്‍ മഹാവിജയങ്ങള്‍ ആവര്‍ത്തിക്കുമോ

എറണാകുളം ജില്ലയിലെ പിറവവും കോട്ടയം ജില്ലയിലെ പാലായും കടുത്തുരുത്തിയും വൈക്കവും ഏറ്റുമാനൂരും കോട്ടയവും പുതുപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേരുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ചാല്‍ യുഡിഎഫിന് മേല്‍ക്കൈ കോട്ടയത്തുണ്ട്. എങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും ചേരുമ്പോള്‍ എല്‍ഡിഎഫ് ശക്തമായ മത്സരം കാഴ്‌ചവെക്കും എന്നാണ് പ്രതീക്ഷ. കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം എസ്എന്‍ഡിപിക്ക് കാര്യമായ സ്വാധീനമുളള കോട്ടയം മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പളളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നത് പരമ്പരാഗത ഇടത് വോട്ടുകളില്‍ വിളളലുണ്ടാക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!