ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ അടിയുറച്ച കോട്ടകളിലൊന്നാണ് മലപ്പുറം ലോക്‌സഭ മണ്ഡലം

മലപ്പുറം: 2021ലെ മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച നേതാവാണ് മുസ്ലീം ലീഗിന്‍റെ എം പി അബ്ദുസമദ് സമദാനി. എന്നാല്‍ സമദാനി പൊന്നാനിക്ക് മാറിയതോടെ മറ്റൊരു മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറാണ് ഇത്തവണ മലപ്പുറത്ത് ലീഗിന്‍റെ പോരാട്ടത്തിന് ഇറങ്ങുന്നത്. മുസ്ലീം ലീഗ് കോട്ടയിലെ ഇ ടിയുടെ അങ്കം മണ്ഡലത്തിലെ പാര്‍ട്ടിയുടെ സുവര്‍ണ വിജയങ്ങള്‍ ആവര്‍ത്തിക്കുമോ? 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ അടിയുറച്ച കോട്ടകളിലൊന്നാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന 1952ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീട് മഞ്ചേരിയായപ്പോഴും മലപ്പുറമായപ്പോഴും ലീഗിനെ സുരക്ഷിതമായി കാത്ത മണ്ഡലം. യുഡിഎഫ് കനത്ത തോല്‍വി രുചിച്ച 2004ല്‍ മഞ്ചേരിയില്‍ ടി കെ ഹംസ അട്ടിമറി വിജയം നേടിയത് ഒഴിച്ചാല്‍ എന്നൊന്നും ലീഗ് കോട്ടയാണ് പഴയ മഞ്ചേരിയും ഇപ്പോഴത്തെ മലപ്പുറം ലോക്‌സഭ മണ്ഡലവും. 2009ലും 2014ലും ഇ അഹമ്മദിലൂടെയും അദേഹത്തിന്‍റെ മരണ ശേഷം പി കെ കുഞ്ഞാലിക്കുട്ടിയിലൂടെയും (2017 ഉപതെരഞ്ഞെടുപ്പ്, 2019 ലോക്‌സഭ ഇലക്ഷന്‍) മലപ്പുറം ലീഗ് കോട്ടയായി ഉറച്ചുനിന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് ഇ അഹമ്മദ് കാത്തുസൂക്ഷിച്ച മണ്ഡലമാണിത്. 

Read more: കോഴിക്കോടിന്‍റെ സുല്‍ത്താന്‍ ആരാകും; 2019 തെരഞ്ഞെടുപ്പ് ഫലം സൂചനയോ? നിര്‍ണായക ഘടകങ്ങള്‍ ഇവ

പി കെ കുഞ്ഞാലിക്കുട്ടി അങ്കം നിയസഭയിലേക്ക് മാറ്റിയതോടെ സംജാതമായ 2021ലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എം പി അബ്ദുസമദ് സമദാനി മലപ്പുറത്ത് നിന്ന് 1,14,692 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥിയായ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വി പി സാനുവിനെയാണ് എം പി അബ്ദുസമദ് സമദാനി തോല്‍പിച്ചത്. 11,02,537 പേര്‍ വോട്ട് ചെയ്‌ത 2021 മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സമദാനിക്ക് 5,38,248 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാനു നേടിയത് 4,23,633 വോട്ടുകള്‍. ബിജെപിക്കായി മത്സരിച്ച എ പി അബ്‌ദുള്ളക്കുട്ടി 68,935 വോട്ടുകളിലൊതുങ്ങി. ഇതിന് മുമ്പ് 2019ലെ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ ജയിച്ചിരുന്നു. അന്നും സാനുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 

Read more: നാല് ലക്ഷം കടന്ന ഭൂരിപക്ഷം; രാഹുല്‍ ഗാന്ധിയുടെ വയനാടന്‍ റെക്കോര്‍ഡ് ആര് തകര്‍ക്കാന്‍!

ഇത്തവണ മണ്ഡ‍ലം വച്ചുമാറിയതോടെ എം പി അബ്‌ദുസമദ് സമദാനിക്ക് പകരം ഇ ടി മുഹമ്മദ് ബഷീറാണ് മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ഥി. 2019ലും 2021ലും യുവരക്തം വി പി സാനുവായിരുന്നു മലപ്പുറത്ത് ഇടതുപക്ഷത്തിനായി സിപിഎമ്മില്‍ നിന്ന് ഭാഗ്യം പരീക്ഷിച്ചത് എങ്കില്‍ ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫാണ് സ്ഥാനാര്‍ഥി. 2021 ഉപതെരഞ്ഞെടുപ്പില്‍ വി പി സാനു വോട്ട് വിഹിതം കൂട്ടിയത് വസീഫിലൂടെ തുടരുകയാണ് സിപിഎമ്മിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയായ ഡോ. എം അബ‌്ദുള്‍ സലാമാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ 2024ല്‍ ബിജെപി സ്ഥാനാര്‍ഥി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം