
പാലക്കാട്/കണ്ണൂര്‍: സിറ്റിങ് എംഎൽഎമാരുടെ പോരാട്ടത്തിന് വടകരയിൽ കളമൊരുങ്ങി. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാകുമെന്നാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.കെ.ശൈലജയുടെ ആത്മവിശ്വാസം. ചരിത്രത്തിലാദ്യമായാണ് ലോക്സഭയിലേക്ക് എംഎല്‍എമാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്.
അത്യപൂര്‍വമായ ഈ സാഹചര്യത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജയും. വടകരയില്‍ ഇവരില്‍ ആര് ജയിച്ചാലും ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകുമെന്ന ഉറച്ച ഗ്യാരണ്ടിയുമായാണ് ഇരു എംഎല്‍എമാരും വടകരയിലേക്ക് വണ്ടി കയറിയത്. മട്ടന്നൂരിൽ നിന്നുമെത്തിയ കെ.കെ.ശൈലജ വടകരയില്‍ പ്രചാരണം ആരംഭിച്ചു. പാലക്കാട് നിന്ന് സർപ്രൈസ് നിയോഗവുമായാണ് ഷാഫി പറമ്പിൽ എത്തുന്നത്. മൂന്ന് തവണ എംഎൽഎയായ പാലക്കാട് നിന്ന് വടകര മത്സരത്തിന് ഷാഫി യാത്രതിരിച്ചു.
വൈകാരിക യാത്രയയപ്പാണ് പാലക്കാട്ടെ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന് നല്‍കിയത്. കണ്ണീരോടെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു. പട്ടാമ്പിയിൽ നിന്ന് പാലക്കാടെത്തി കളം പിടിച്ച ഷാഫിക്കും ഈ പോക്ക് അപ്രതീക്ഷിതമാണ് അതിനാല്‍ തന്നെ പ്രവര്‍ത്തകരെ വാരിപുണര്‍ന്ന ഷാഫി പറമ്പിലിനും കണ്ണീരടക്കാനായില്ല. വൈകാരികമായിട്ടായിരുന്നു പാലക്കാട്ടുനിന്നുള്ള യാത്രയ്ക്ക് മുമ്പ് ഷാഫി പ്രതികരിച്ചതും. വടകര മാറ്റത്തിലെ രാഷ്ട്രീയ ആരോപണങ്ങൾക്കുള്ള മറുപടിയും ഷാഫി നല്‍കി. വന്ന വഴിയേ ഷാഫി പാലക്കാടേക്ക് മടങ്ങാമുമെന്ന് ഇടതിന്‍റെ ആത്മവിശ്വാസം.
ഉപതെരഞ്ഞെടുപ്പ് എവിടെയാകുമെന്നതിൽ കെ.കെ.ശൈലജയക്ക് സംശയമില്ല. മട്ടന്നൂരിലായിരിക്കും നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്നും വടകരയിൽ വിജയം സുനിശ്ചിതമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. ഷാഫിയിറങ്ങുമ്പോഴുളള യൂത്ത് വൈബിൽ വടകരയിൽ വീഴില്ലെന്നും ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടത് കോട്ട തകരാത്ത മട്ടന്നൂരോ? ഇളകിയാടി കോൺഗ്രസ് പിടിച്ച പാലക്കാടോ? ഉപതെരഞ്ഞെടുപ്പ് എവിടെയെന്ന് എന്തായാലും വടകര വിധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam