
കൊച്ചി: കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളിലൊന്ന്, എറണാകുളം ലോക്സഭ മണ്ഡലത്തിലുള്ള വിശേഷണമിതാണ്. വി വിശ്വനാഥ മേനോനും എല്‍ഡിഎഫ് പിന്തുണയില്‍ സേവ്യർ അറക്കലും സെബാസ്റ്റ്യന്‍ പോളും വിജയിച്ചത് മാറ്റിനിർത്തിയാല്‍ കോണ്‍ഗ്രസിന്‍റെ പടയോട്ടം കണ്ട മണ്ഡലമാണ് എറണാകുളം. കളമശേരി, പറവൂർ, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. ലാറ്റിന്‍ കത്തോലിക്ക വോട്ടുകള്‍ വിധിയെഴുതുന്ന മണ്ഡലമാണ് എറണാകുളം എന്നത് എല്ലാക്കാലത്തും സ്ഥാനാർഥി നിർണയത്തില്‍ നിർണായകമായി.
2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഹൈബി ഈഡന്‍ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് എറണാകുളം. രാജ്യസഭയിലെ ഏറ്റവും മികച്ച എംപിമാരില്‍ ഒരാളായിരുന്ന സിപിഎമ്മിന്‍റെ പി രാജീവായിരുന്നു ഹൈബിക്ക് മുഖ്യ എതിരാളി. ബിജെപിയാവട്ടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെ മത്സരിപ്പിച്ചു. 9,67,390 പേർ വോട്ട് ചെയ്തപ്പോള്‍ ഹൈബി ഈഡന് 491,263 ഉം, പി രാജീവിന് 3,22,210 ഉം, അല്‍ഫോന്‍സ് കണ്ണന്താനത്തിന് 1,37,749 ഉം വോട്ടുകള്‍ ലഭിച്ചു. പോള്‍ ചെയ്തതില്‍ 50.79 ശതമാനം വോട്ടുകള്‍ ഹൈബി നേടി. 2014ല്‍ അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി കെ വി തോമസ് 41.58 ശതമാനം വോട്ടുകളായിരുന്നു നേടിയിരുന്നത്.
വീണ്ടുമൊരുക്കല്‍ക്കൂടി ഹൈബി ഈഡനാണ് കോണ്‍ഗ്രസിനായി മണ്ഡലത്തില്‍ ഇറങ്ങുന്നത്. സിപിഎമ്മാവട്ടെ ലാറ്റിന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് കെ ജെ ഷൈനിനെ മത്സരിപ്പിക്കുന്നു. ഡോ. കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞവട്ടം ആലപ്പുഴയിൽ ബിജെപി വോട്ടുകൾ ഗണ്യമായി ഉയർത്താന്‍ കെഎസ് രാധാകൃഷ്ണനായിരുന്നു. ട്വന്‍റി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥിയുണ്ട് എന്ന പ്രത്യേകതയുണ്ട്. അഡ്വ ആന്‍റണി ജൂഡാണ് മത്സരിക്കുന്നത്. ട്വന്‍റി 20ക്കും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം