ഇടത്, സോഷ്യലിസ്റ്റ് പാർട്ടികള്‍ക്ക് ഏറെ സാന്നിധ്യമുള്ള ലോക്സഭ മണ്ഡലമാണ് കൊല്ലം
കൊല്ലം: കഴിഞ്ഞ തവണ 2019ല്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർഥിയും ആർഎസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ച മണ്ഡലമാണ് കൊല്ലം. ആർഎസ്‍പിയുടെ തറവാടായ കൊല്ലത്ത് ഹാട്രിക് തികയ്ക്കുമോ എന്‍ കെ പ്രേമചന്ദ്രന്‍. ഇടത് വോട്ടുകള്‍ ചോർത്തിയെടുത്ത് കുതിച്ച ചരിത്രമുള്ള പ്രേമചന്ദ്രനെ വിറപ്പിക്കാന്‍ മുഖ്യ എതിരാളിയായ സിപിഎമ്മിലെ മുകേഷിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും എന്നാണ് മണ്ഡലത്തിന്‍റെ ചിത്രം വ്യക്തമാക്കുന്നത്. തൊഴിലാളി വോട്ടുകളിലാണ് മുന്നണികളുടെ കണ്ണുകള്‍.
ഇടത്, സോഷ്യലിസ്റ്റ് പാർട്ടികള്‍ക്ക് ഏറെ സാന്നിധ്യമുള്ള ലോക്സഭ മണ്ഡലമാണ് കൊല്ലം. 1957 മുതലുള്ള കൊല്ലത്തിന്‍റെ ചിത്രം ഇത് വ്യക്തമാക്കുന്നു. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ആർഎസ്പിയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർഎസ്പി കേരള ഘടകം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്നത് വഴിത്തിരിവായി. ആർഎസ്പിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ 2014ലും 2019ലും യുഡിഎഫ് സ്ഥാനാർഥിയായി രണ്ടുവട്ടം വിജയിച്ച് ലോക്സഭയിലെത്തിയ എന്‍ കെ പ്രേമചന്ദ്രനാണ് ഇത്തവണയും കൊല്ലത്തെ യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.
2014ല്‍ 37,649 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച എന്‍ കെ പ്രേമചന്ദ്രന്‍ 2019ല്‍ ഭൂരിപക്ഷം 1,48,869 ആയി ഉയർത്തിയിരുന്നു. 2014ല്‍ സിപിഎം പോളിറ്റി ബ്യൂറോ അംഗം എം എ ബേബിയും 2019ല്‍ മുന്‍ രാജ്യസഭാഗം കെ എന്‍ ബാലഗോപാലുമായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രധാന എതിരാളികള്‍. 9,69,017 പേർ വോട്ട് ചെയ്ത കൊല്ലത്ത് കഴിഞ്ഞ തവണ 499,667 വോട്ടുകളുമായായിരുന്നു പ്രേമചന്ദ്രന്‍റെ പടയോട്ടം. രാജ്യസഭ എംപി എന്ന നിലയില്‍ തിളങ്ങിയത് പോലും ബാലഗോപാലിനെ തുണച്ചില്ല. 2019ല്‍ 51.61 ശതമാനം വോട്ടുകള്‍ നേടാനായതിന്‍റെ ആത്മവിശ്വാസമുണ്ടാകും ഹാട്രിക് ജയം തേടി ഇറങ്ങുമ്പോള്‍ പ്രേമചന്ദ്രന്.
മറുവശത്ത് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ ഇറക്കിയാണ് സിപിഎം ഇത്തവണ ആരവം കൂട്ടിയത്. ബിജെപിയാവട്ടെ നീണ്ട സസ്പെന്‍സിനൊടുവില്‍ നടന്‍ ജി കൃഷ്ണകുമാറിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 2019ല്‍ കെ എന്‍ ബാലഗോപാല്‍ 36.24 ശതമാനം വോട്ടുകളില്‍ ഒതുങ്ങിയതാണ് മുകേഷിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം കഴിഞ്ഞ വട്ടം കഷ്ടിച്ച് പത്ത് ശതമാനം (10.67) തൊട്ട വോട്ട് ഷെയർ ഉയർത്തുകയാണ് ജി കൃഷ്ണകുമാറിന് മുന്നിലുള്ള കടമ്പ. കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയമസഭ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭ മണ്ഡലം. ശക്തമായ പ്രചാരണമാണ് കൊല്ലത്ത് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയിലും കൊല്ലത്ത് തെരഞ്ഞെടുപ്പ് ആവേശം മുറുകിക്കഴിഞ്ഞു.
