2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്സഭ മണ്ഡലമാണ് ആലത്തൂർ
ആലത്തൂർ: ഇടതുകോട്ട എന്ന വിശേഷണമുണ്ടായിരുന്ന ലോക്സഭ മണ്ഡലമായിരുന്നു ആലത്തൂർ. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇത്തവണ എങ്ങനെയും ആലത്തൂർ തിരിച്ചുപിടിക്കാന്‍ സിപിഎം ഒരു മന്ത്രിയെ സ്ഥാനാർഥിയായി ഇറക്കിയിരിക്കുകയാണ്. പ്രതീകാത്മക കുഴിമാടം ഒരുക്കിയ പ്രശ്നത്തില്‍ എസ്എഫ്ഐയുമായി ഏറ്റുമുട്ടിയ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെ സ്ഥാനാർഥിയാക്കിയാണ് ബിജെപി ആലത്തൂരിലെ സർപ്രൈസ് പൊളിച്ചിരിക്കുന്നത്.
2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്സഭ മണ്ഡലമാണ് ആലത്തൂർ. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ ആലത്തൂർ കയ്യൊഴിഞ്ഞു. യാതൊരു ആശങ്കകളുമില്ലാതെ ജയിച്ച രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് പേരിലാക്കിയത്. 10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 533,815 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്‍റെ ടി വി ബാബു 89,837 വോട്ടും നേടി. ബിഎസ്പിക്ക് പുറമെ രണ്ട് സ്വതന്ത്രരും മണ്ഡലത്തില്‍ മത്സരിക്കാനുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ രമ്യ ഹരിദാസിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരായ വിധിയെഴുത്ത് കൂടിയായി 2019ലെ ആലത്തൂർ ഫലം. 2014ല്‍ 44.34 ശതമാനം വോട്ട് ഷെയർ നേടിയിരുന്ന പി കെ ബിജു കഴിഞ്ഞ തവണ 36.8ലേക്ക് ചുരുങ്ങിയത് ഇക്കാര്യം അടിവരയിടുന്നു. 'സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല' എന്നുമായിരുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എ വിജയരാഘവന്‍റെ വാക്കുകള്‍. അന്ന് ഈ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കൈവിട്ട ആലത്തൂർ തിരിച്ചുപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് സിപിഎം 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തെ അഭിമുഖീകരിക്കുന്നത്. ഇതിനായി മന്ത്രിസഭയിലെ സൗമ്യ മുഖവും പാർട്ടി പ്രവർത്തകർക്കും അണികള്‍ക്കുമിടയില്‍ നിർണായക സ്വാധീനവുമുള്ള കെ രാധാകൃഷ്ണനെ തന്നെ കളത്തിലിറക്കിയിരിക്കുന്നു. അതേസമയം കഴിഞ്ഞ തവണത്തെ വമ്പിച്ച ജയം ആവർത്തിക്കാനുള്ള ശ്രമങ്ങളിലാണ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പാലക്കാട് വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടി എൻ സരസുവുമാണ് ബിജെപി സ്ഥാനാർഥി. വിരമിച്ച വേളയിൽ സരസുവിനെതിരെ ക്യാമ്പസിൽ പ്രതീകാത്മകമായി കുഴിമാടം ഒരുക്കിയത് വൻ വിവാദമായിരുന്നു. അന്ന് എസ്എഫ്ഐക്ക് എതിരെയായിരുന്നു ഇതില്‍ ആരോപണങ്ങളെല്ലാം.
