ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനം, അതിലൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

Published : Sep 21, 2026, 12:51 PM ISTUpdated : Sep 21, 2026, 02:13 PM IST
V D SATHEESAN

Synopsis

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ആറാമത് എഡിഷന് സർക്കാർ തുക വകയിരുത്തിയിട്ടില്ല. പ്രവാസി ക്ഷേമ പദ്ധതികൾക്കും നോർക്ക പരിപാടികൾക്കും മാത്രമായി തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ലോക കേരളസഭയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനും ഭരണപരമായ ചെലവുകൾക്കുമായി 2 കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. പണം അനുവദിച്ചതും ധൂർത്ത് മാറ്റിയാൽ ആശയം നല്ലതാണെന്ന് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചതും ലോക കേരളസഭയിൽ സർക്കാറിന് മനം മാറ്റമുണ്ടെന്ന പ്രതീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം.

ലോക കേരളസഭയുടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കായാണ് 2 കോടി രൂപ അനുവദിച്ചത്. ഇതിൽ നാലാം ലോക കേരളസഭയുടെ ശുപാർശകൾ നടപ്പാക്കാൻ ഒരു കോടി, നോർക്ക പ്രൊഫഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം. ഓഗസ്റ്റ് 22ന് ചേർന്ന വകുപ്പ് തല വർക്കിംഗ് ഗ്രൂപ്പ് ശുപാർശ അംഗീകരിച്ചാണ് തുക അനുവദിച്ചത്. പ്രതിപക്ഷത്തിരിക്കെ പ്രാഞ്ചി സഭയെന്ന് വിളിച്ച ലോക കേരളസഭയിലും യുഡിഎഫ് സർക്കാർ യു ടേൺ അടിക്കുകയാണോ എന്ന സംശയം ഉയർന്നു. സംശയം ബലപ്പെടുത്തും വിധത്തിലായിരുന്നു, ധൂർത്ത് മാറ്റിയാൽ ആശയം നല്ലതാണെന്ന സണ്ണി ജോസഫിന്‍റെ പ്രതികരണം.

വിവാദം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണ കുറിപ്പ്. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. എൽഡിഎഫ് കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. നിലവിൽ ലോക കേരളസഭക്ക് സെക്രട്ടറിയേറ്റുണ്ട്. അതിൻറെ ചെലവുകൾക്കും നോർക്ക വഴിയുള്ള ബിസിനസ് ലീഡർഷിപ്പ് മീറ്റിനുമാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ പങ്കാളിത്തത്തോടെ കേരള വികസനം ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതി സർക്കാറിന്‍റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്‍റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

300 കിലോ ഭാരമുള്ള ഭീമൻ മുതല, കന്യാകുമാരിയെ ഏഴ് മാസമായി ഭീതിയിലാഴ്ത്തിയ വമ്പൻ വലയിലായി; പ്രദേശവാസികൾക്ക് ആശ്വാസം
പുറംകടലിൽ എൻജിൻ തകരാറിലായി മത്സ്യബന്ധന ബോട്ട്; 12 തൊഴിലാളികളെ രക്ഷിച്ച് മറൈൻ എൻഫോഴ്സ്മെന്‍റ്