'ഞാനൊരു മലയാളി, മുണ്ടുടുക്കും'; യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി ലോക്നാഥ് ബെഹ്റ

By Web TeamFirst Published Jun 30, 2021, 8:58 AM IST
Highlights

കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റയ്ക്ക് സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പില്‍ വികാരാധീനനായി മുന്‍ ഡിജിപി. മറുപടി പ്രസംഗത്തില്‍ വാക്കുകള്‍ ഇടറിയായിരുന്നു ബെഹ്റയുടെ സംസാരം.  താനൊരു മലയാളിയെന്നും മുണ്ടുടുക്കുമെന്നും ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും ബെഹ്റ പറഞ്ഞു. തിരുവനന്തപുരം എസ്എപി മൈതാനത്തായിരുന്നു ചടങ്ങ്. കേരള പൊലീസിലെ നവീകരണത്തെക്കുറിച്ച് പറഞ്ഞ ബെഹ്റ ഇനിയും അത് തുടരേണ്ടതുണ്ടെന്നും പറഞ്ഞു. കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു. 

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നീ  പേരുകളാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ അനിൽകാന്തിനാണ് സാധ്യത കൂടുതൽ. മൂന്നംഗ പട്ടികയിൽ സീനിയർ സുധേഷ്കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്. പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീംകോടതി വിധി. മൂന്നുപേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ടുവർഷം കാലാവധിയുള്ളത്. അനിൽകാന്തിന് അടുത്ത ജനുവരി മാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാൽ രണ്ടുവർഷം തുടരാം. 

click me!