
കൊച്ചി: നിയമലംഘനം ക്യാമറയിൽ പതിഞ്ഞെങ്കിലും നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ പിടികൂടാൻ കഴിയാതിരുന്ന ബൈക്കും അതിലെ യാത്രികരെയും ഒടുവിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് കൗതുകകരമായ രീതിയിലാണ്. യാത്രിക്കാർ ധരിച്ചിരുന്ന വസ്ത്രമാണ് വഴികാട്ടിയായത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ യൂണിഫോമാണ് യാത്രക്കാർ ധരിച്ചിരുന്നത്.
ഗതാഗത പരിശോധനയ്ക്കിടെ അമിത വേഗത്തിൽ എത്തിയ ബൈക്കിന് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. ബൈക്ക് കടന്ന് പോകുന്നതിനിടെ എടുത്ത ഫോട്ടോ പിന്നീട് പരിശോധിച്ചപ്പോഴാണ് യാത്രിക്കാർ ധരിച്ചിരുന്ന യൂണിഫോം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ അങ്കമാലിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനവുമായുള്ള ബന്ധം കണ്ടെത്തി യാത്രികരെ തിരിച്ചറിഞ്ഞു.
ബൈക്ക് കണ്ടെത്തിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തി. നമ്പർ പ്ലേറ്റ് ഇല്ല, ഹെൽമറ്റ് ധരിക്കാതിരിക്കുക, അമിത വേഗത്തിൽ വാഹനം ഓടിക്കുക, ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് നിർത്താതെ പോകുക എന്നിവ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. കുറ്റങ്ങൾ സമ്മതിച്ച യാത്രികർക്കെതിരെ നടപടി സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ് 23,500 പിഴ ചുമത്തി. കൂടാതെ ബൈക്കിൽ നിയമവിരുദ്ധമായി വരുത്തിയ മാറ്റങ്ങൾ നീക്കം ചെയ്ത് നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനും ഹാൻഡിലും സൈലൻസറും യഥാസ്ഥിതിയിലാക്കി വാഹനം വീണ്ടും ഹാജരാക്കാനും നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam