ചുരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ഓറഞ്ച് കയറ്റി വന്ന ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു

Published : Dec 16, 2022, 11:27 AM ISTUpdated : Dec 16, 2022, 11:28 AM IST
ചുരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; ഓറഞ്ച് കയറ്റി വന്ന ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു

Synopsis

മസ്ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. 

കല്‍പ്പറ്റ: അപകടം തുടര്‍ക്കഥയായ താമരശ്ശേരി ചുരത്തില്‍ ഏറ്റവും ഒടുവിലായി ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ഓറഞ്ച് ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മസ്ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. ചുരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായത്.

അടിവാരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒന്നാം വളവിന് താഴെയായി ചുരം 28 -ല്‍ കഴിഞ്ഞ ദിവസം മദ്യവുമായി വന്ന ലോറി മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ച രണ്ടേകാല്‍ മണിയോടെയായിരുന്നു അപകടം. റോഡരികിലെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ത്താണ് ലോറി താഴേക്ക് പതിച്ചത്. പകല്‍ നേരമായതിനാല്‍ അതു വഴി വന്ന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് ഡ്രൈവറെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാം വളവിനും ചിപ്പിലിത്തോടിന് സമീപത്തായിരുന്നു അന്നത്തെ അപകടം. വീതി കുറഞ്ഞ റോഡില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. രാവിലെയായതിനാല്‍ തന്നെ അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.  

ഇക്കഴിഞ്ഞ നവംബറില്‍ ഗ്യാസ് സിലിണ്ടറുകളുമായി ചുരമിറങ്ങുകയായിരുന്ന ലോറി കൊക്കയിലേക്ക് പതിച്ചിരുന്നു. നിറയെ ഗ്യാസ് സിലിണ്ടറുകളുമായി അമ്പത് മീറ്ററോളം താഴേക്ക് പതിച്ച ലോറിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവര്‍, പിന്നീട് കൊക്കയില്‍ നിന്ന് റോഡിലേക്ക് കയറിവന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും സിലിണ്ടറുകള്‍ പ്രദേശത്ത് ചിതറിക്കിടന്നത് ആശങ്കയുണ്ടാക്കി. നിരവധി മണിക്കൂറുകള്‍ എടുത്താണ് സിലിണ്ടറുകളും ലോറിയും ചുരം റോഡിലേക്ക് തിരികെ കയറ്റിയത്. ഈ സംഭവത്തിന് ശേഷം അപകടങ്ങള്‍ക്ക് ചെറിയ ഇടവേളയുണ്ടായിരുന്നെങ്കിലും അടുത്തടുത്ത ദിവസങ്ങളില്‍ നിരവധി അപകടങ്ങളാണ് ചുരത്തിലുണ്ടായത്.

കൂടുതല്‍ വായനയ്ക്ക്; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ