
പത്തനംതിട്ട: എംസി റോഡിൽ പന്തളം കുരമ്പാലയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. വീട്ടുടമ രാജേഷ്, ഭാര്യ, മക്കൾ എന്നിവർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. കൂരമ്പാല പത്തിയിൽപടി സ്വദേശി രാജേഷിന്‍റെ വീടാണ് പൂർണ്ണമായി തകർന്നത്. കെട്ടിട അവിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് രാജേഷ് തന്നെയാണ് ഭാര്യയെയും മക്കളെയും പുറത്തെടുത്തത്.
അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും രാജേഷിന്‍റെ മക്കളായ മീനാക്ഷി, മീര എന്നിവർക്ക് സാരമായ പരിക്കുണ്ട്. ഇവരെ കോട്ടയം മെഡി. കോളേജ് ആശുുത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർക്കും സഹായിക്കും പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകകാരണമായി പൊലീസ് പറയുന്നത്.
നഗരസഭയുടെ സഹായത്തിൽ നിർമ്മിച്ച വീടാണ് രാജേഷിന്‍റേത്. അത് പൂർണ്ണായി തകർന്നതോടെ വലിയ പ്രതിസന്ധിയിലാണ് കുടുംബം. അതേസമയം, എംസി റോഡ് അപകടരഹിതമാക്കാൻ സർക്കാർ കോടികൾ മുടക്കിയെങ്കിലും ഒരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. പന്തളം മേഖലയിൽ ദിവസേന അപകടങ്ങൾ കൂടിവരികയാണ്.