
ഇടുക്കി : പനംകുട്ടിയില്‍ വിശ്വംഭരന്‍റെ വീടിനു മുകളിലേക്ക് ലോറി വീണ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ധാരണയായി. പൊലീസും ജനപ്രതിനിധികളും വിശ്വംഭരന്‍റെ കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ കെഎസ്ഇബിയുടെ കരാർ കമ്പനി 3 ലക്ഷം രൂപ പ്രാഥമിക ധനസഹായം നല്‍കി. ധാരണപത്രം ഒപ്പിട്ട ഉടന്‍ ലോറി വീടിന് മുകളിൽ നിന്നും മാറ്റി.
ഞായറാഴ്ച മുതല്‍ തുടങ്ങിയതാണ് വിശ്വംഭരന്‍റെ ദുരിതം. അടഞ്ഞ മഴയില്‍ ആരും തുണയില്ലാതെ കുഞ്ഞുകുട്ടികളടക്കമുള്ള ആറംഗ കുടുംബം ലോറി വീണ് പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പേടിയോടെയാണ് കഴിഞ്ഞത്. നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയതോടെ 75,000 രൂപ നല്‍കാമെന്നായിരുന്നു കരാര്‍ കമ്പനിയുടെ ഇന്നലെയുള്ള വാഗ്ദാനം. ഇത് നിരസിച്ചതോടെ ഇന്ന് വീട്ടില്‍ നിന്നും അടിമാലി പൊലീസ് ഇറക്കിവിടാന്‍ പോലും ശ്രമിച്ചുവെന്ന് വിശ്വംഭരനും ഭാര്യയും ഒരുമിച്ച് പരാതിപ്പെട്ടിരുന്നു. എല്ലാത്തിനുമൊടുവിലാണ് പുതിയ ധാരണയിലെത്തിയിരിക്കുന്നത്.
വീടിന്റെ പണിക്കായി മൂന്നു ലക്ഷം രൂപ നല്‍കും. തുടര്‍ന്ന് ഇന്‍ഷ്യുറന്‍സ് കേസില്‍ കിട്ടുന്ന പണവും വിശ്വംഭരന് നല്‍കും. ആ വ്യവസ്ഥ വിശ്വംഭരനും കരാറുകാരും ഒരുപോലെ അംഗീകരിച്ചതോടെ ധാരണപത്രം ഒപ്പിട്ടു. ഇതോടെ 8 മണിയോടെ ലോറി പുറത്തെത്തിച്ചു. വീടിന്‍റെ കുറച്ചുഭാഗം കൂടി ഇടിഞ്ഞിട്ടുണ്ട്. എങ്കിലും പ്രശ്നം പരിഹരിക്കാനായല്ലോ എന്നതാണ് എല്ലാവരുടെയും ആശ്വാസം.
വീടിന് മുകളില്‍ ലോറി വീണ സംഭവം; വീട്ടില്‍ നിന്ന് ഇറങ്ങി പോകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം