'ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്'; ഇടയലേഖനവുമായി തലശ്ശേരി അതിരൂപത

By Web TeamFirst Published Sep 5, 2022, 1:44 PM IST
Highlights

തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം പ്രയോജനപ്പെടുത്തണമെന്ന് ഇടയലേഖനം. പള്ളികളിൽ ഇടയലേഖനം വായിച്ചു 

കണ്ണൂർ: ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളിൽ ഇടയലേഖനം വായിച്ചു. 'ജൻമം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർത്ഥന നിയോഗമായി സമർപ്പിക്കാം'... ഈ വരികൾ അടങ്ങിയ ഇടയലേഖനമാണ് പള്ളികളിൽ വായിച്ചത്. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി തയ്യാറാക്കിയ അതിരൂപതാ മതബോധന കേന്ദ്രം  എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും തലശ്ശേരി അതിരൂപത ഇടയലേഖനത്തിൽ പറയുന്നു. 

ഇടയലേഖനത്തിലെ വരികൾ

'വിജാതീയ രാജാക്കന്മാരുടെ പടയോട്ടത്തിൽ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാൻ എട്ടുനാൾ നീണ്ട നോമ്പിലും ഉപവാസത്തിലും ദൈവാലയത്തിൽ കഴിച്ചു കൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതിന്റെ കൃതഞ്ജതാനിർഭരമായ ഓർമ ഈ നോമ്പിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ച് വരുന്ന ഈ കാലഘത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാൻ നാം പഠിക്കേണ്ട നാളുകളാണ് ഇവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണ തണലിൽ നമ്മുടെ മക്കൾ സുരക്ഷിതരാകാൻ ഈ എട്ടുനോമ്പിൽ നമുക്ക് തീക്ഷ്‍ണമായി പ്രാർത്ഥിക്കാം'. 
 

 

click me!