
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാല്‍ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനാല്‍ തന്നെ കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് അതിതീവ്ര മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതിന്‍റെ ഫലമായിട്ടാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ മിതമായ, ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. ഇടി, മിന്നല്‍, കാറ്റ് എന്നിവയോടെയായിരിക്കും ശക്തമായ മഴയുണ്ടാകുക.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തിറക്കിയ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശം
കോട്ടയം വൈക്കം വെച്ചൂരിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് റോഡരികിൽ നിന്ന മരം ചുവടോടെ കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
സംഭവത്തിന് പിന്നാലെ റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വൈക്കം , പാമ്പാടി , ചങ്ങനാശേരി, പാല തുടങ്ങിയിടങ്ങളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. ചിങ്ങവനം കനകക്കുന്നിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പാമ്പാടി ചെമ്പക്കരയിൽ സ്കൂട്ടർ യാത്രികന് മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. വൈക്കത്ത് വെച്ചൂർ റോഡിൽ കാറുകളുടെ മുകളിലേക്ക് മരം വീണു. പാല - തൊടുപുഴ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. പാല പ്രവിത്താനത്ത് നിർത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങൾക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണു. പോസ്റ്റ് വീണ് വാഹനങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമില്ല. ഏഴ് വൈദ്യുത പോസ്റ്റുകൾ വീണെന്ന് പൊലീസ് അറിയിച്ചു.
കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. മഴ മാറിയപ്പോൾ തിരിച്ച് വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
പാലക്കാട് തണ്ണീർക്കോട് സ്കൂളിന് മുകളിൽ മരം വീണു. സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂൾ തുറക്കും മുൻപാണ് മരം കടപുഴകി വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ ഓടിട്ട മേൽക്കൂര പൂര്‍ണമായി തകര്‍ന്നു. ചുവരുകൾ വിണ്ട് കീറി. സുരക്ഷ മുൻ നിര്‍ത്തി സ്കൂളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.
പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക്
കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആര്യങ്കാവ് ആർ.ഒ ജംഗ്ഷന് സമീപം മരം കടപുഴകി വീണു. കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്കാണ് മരം വീണത്. സമീപത്ത് പാർക്ക്
ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പാലരുവി വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam