
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പാചക വാതക ലഭ്യതയിലെ പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിറക് അടുപ്പിൽ പാചകം ചെയ്യാൻ കഴിയുന്ന ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കൂവെന്ന നില വന്നുകൂടായ്കയില്ലെന്നും ഏതാണ്ട് കോവിഡ് പോലെ ഒരു പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കാൻ പോകുന്നതെന്നാണ് മോദി പറയാതെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എറണാകുളം ‘സമൃദ്ധി’യുടെ മുന്നിൽ പാക്കിംഗ് സ്പേസിൽ അടുപ്പുകൂട്ടുന്ന ചിത്രം കണ്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിറക് അടുപ്പിൽ പാചകം ചെയ്യാൻ കഴിയുന്ന ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കൂവെന്ന നില വന്നുകൂടായ്കയില്ല. ഇലക്ട്രിക് സ്റ്റൗവും മറ്റും ഉപയോഗിച്ച് അത്യാവശ്യം സർവ്വീസ് നടത്തിക്കൊണ്ടുപോകാനേ കഴിയൂവെന്ന സ്ഥിതിയാണ്.
ഇത് സ്വയംകൃതാർത്ഥമാണ്. ലോകത്തെ ഇടത്തരം സമ്പദ്ഘടനകളിൽ ഏറ്റവും കുറവ് പാചകവാതകം സ്റ്റോക്ക് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കേവലം രണ്ട് ദിവസത്തെ ഉപഭോഗത്തിനുള്ള സറ്റോക്ക് സൂക്ഷിക്കാനുള്ള ഭൂഗർഭ സംവിധാനങ്ങളേയുള്ളൂ. പിന്നെയൊരു 10-12 ദിവസത്തേക്കുള്ള പാചകവാതകം വിതരണ കേന്ദ്രങ്ങളിലെയും മറ്റും ടാങ്കറുകളിൽ സൂക്ഷിക്കുന്നുണ്ടാകും.
എത്ര കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തിൽ മോദി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്? ഉജ്ജ്വൽ പദ്ധതിയിലൂടെയും മറ്റും പാചകവാതകം ഗ്രാമീണ കുടുംബങ്ങൾക്ക് നൽകാനിറങ്ങിയ വേളയിലെങ്കിലും ആവശ്യത്തിന് പാചകവാതകം സ്റ്റോക്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കണ്ടേ?
60 ശതമാനം പാചകവാതകവും നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡോയിൽ സംസ്കരിക്കുന്ന റിഫൈനറികളിൽ നിന്നാണ് ബാക്കി 40 ശതമാനം. ക്രൂഡോയിലിന്റെ ലഭ്യതയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി മൂർച്ഛിക്കാനാണ് പോകുന്നത്. ഇന്ത്യയുടെ 90 ശതമാനം പാചകവാതകവും ഹോർമൂസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഇന്നലെ മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ ഒത്തിരി പോസ്റ്റുകൾ കണ്ടു. മോദി തന്നെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന് ഫോൺ ചെയ്തതിനെക്കുറിച്ച് X-ൽ ട്വീറ്റ് ചെയ്തു. പശ്ചിമേഷ്യയിലെ ഗൗരവമായ സ്ഥിതിയെക്കുറിച്ച് പ്രസിഡന്റിനോട് സംസാരിച്ചു. ഇറാനിലെ നാശത്തിലും മരണങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തി. അതോടെ സംഘപരിവാർ പോസ്റ്റുകൾ മോദി സംസാരിച്ചു പ്രശ്നം തീർന്നൂവെന്നു പറഞ്ഞുള്ള പ്രചാരണമായി.
ഇറാനിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. എന്നാൽ പല ഇറാനിയൻ ഹാൻ്റിലുകളം ഇന്ത്യൻ കപ്പലുകൾക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു ഇന്ത്യൻ കപ്പലും ഇതുവരെ പുതിയതായി കടലിടുക്കിലൂടെ കടന്നിട്ടില്ല. ഇന്ത്യയുമായി എക്കാലവും നല്ലബന്ധം പുലർത്തിവന്ന ഇറാന്റെ പ്രതികരണമില്ലായ്മ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
ഒരുപക്ഷേ, നിങ്ങൾ ഓർക്കുന്നുണ്ടാകും. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തുനടന്ന സംഭവം. അന്നത്തെ പെട്രോളിയം മന്ത്രി ഇറാനുമായി കരാറുണ്ടാക്കാൻ ശ്രമിച്ചത് - ഇറാനിൽ നിന്നും കരമാർഗ്ഗം പൈപ്പുവഴി പാചകവാതകവും ക്രൂഡോയിലും ഇന്ത്യയിൽ താഴ്ന്ന വിലയ്ക്ക് എത്തിക്കാനുള്ളതായിരുന്നു ഈ കരാർ. അന്നും അമേരിക്ക ഇടപെട്ടു. പിന്നെ, ഗോദാവരി ബെയ്സിനിൽ വലിയ തോതിൽ പ്രകൃതി വാതകം കണ്ടെത്തിയെന്ന് സ്വപ്നംകണ്ട അംബാനിയും. ജയ്പാൽ റെഡ്ഡിയുടെ മന്ത്രികസേര തെറിച്ചു.
അന്ന് കോൺഗ്രസ് അംബാനിക്കു വേണ്ടി ഇറാന്റെ കൈ തട്ടിത്തെറിപ്പിച്ചു. ഇതേ അംബാനി ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്ന് ട്രംപിനുവേണ്ടി പണിയാൻ പോവുകയാണ്. അതിനുവേണ്ടി മോദി ഇന്ന് ഇറാനെ വഞ്ചിച്ചു. ഇറാൻ രാഷ്ട്രത്തലവനെ വധിച്ചതിനെക്കുറിച്ച് വീമ്പിളക്കിയ ട്രംപിനെതിരെ ഒരക്ഷരം ഉരിയാടാൻ മോദി തയ്യാറായില്ല. എന്നിട്ട് ഇപ്പോൾ ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് വഴി കടത്തിവിടണമെന്ന് അഭ്യർത്ഥിക്കുകയാണ്. ആ അഭ്യർത്ഥനയ്ക്ക് ഒരു വിലയും കൽപ്പിക്കാൻ ഇറാൻ തയ്യാറല്ല.
യുദ്ധം ഉണ്ടായാൽ നമ്മുടെ എണ്ണയ്ക്കും പാചകവാതകത്തിനും എന്തു സംഭവിക്കാമെന്നെങ്കിലും നെതന്യാഹുവിനെ കെട്ടിപ്പിടിച്ചപ്പോൾ മോദി ഓർക്കണമായിരുന്നു. എന്നിട്ട് ഇപ്പോൾ ഇറക്കിയ ഏറ്റവും പുതിയ പ്രസ്താവന ഇങ്ങനെയാണ്: ‘'കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം.’ താരതമ്യം കൊള്ളാം. ഏതാണ്ട് കോവിഡുപോലെ ഒരു പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കാൻ പോകുന്നതെന്നാണ് മോദി പറയാതെ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam