
തിരുവനന്തപുരം/പാലക്കാട്: 22 ദിവസമായി നിരാഹാരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
133-ാം ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം. നിരാഹാരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതി നിലവിൽ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 ദിവസമായി വെളളം പോലും കുടിക്കാത്ത വളർമതിയുടെ ആരോഗ്യം മോശമായി. ഇനിയും നിരാഹാരം തുടർന്നാൽ വഷളാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാർ വളർമതിയെ പരിശോധിച്ചു. നിലവിൽ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല.
തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്.അഞ്ജു ആശുപത്രിയിലെത്തി വളർമതിയെ കണ്ടു. മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയിലാണ് പാലക്കാട് എലപ്പുളളിയിൽ അമ്മ യശോദ. വളർമതിയുടെ അവസ്ഥ കൂടി പരിഗണിച്ച് സർക്കാർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷമായ സിപിഎം ആവശ്യപ്പെട്ടു. അതേസമയം, സമരക്കാരുടെ ആവശ്യങ്ങളിൽ ഇനി ചർച്ചയില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് ആവർത്തിക്കുന്നു. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് സർക്കാരിന്റേതെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam