Latest Videos

'സഭയില്‍ തുടരും, കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ല': സിസ്റ്റര്‍ ലൂസി

By Web TeamFirst Published Dec 17, 2019, 6:21 PM IST
Highlights

തെറ്റുചെയ്‍തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരും. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും അംഗീകരിക്കില്ലെന്നും സിസ്റ്റര്‍

കൊച്ചി: കന്യാസ്ത്രീകള്‍ ആരുടെയും അടിമകളല്ലെന്നും സമത്വം വേണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കല്‍. ആത്മകഥ 'കര്‍ത്താവിന്‍റെ നാമത്തില്‍' എന്ന പുസ്‍തകത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍. വൈദികനായ 
ഫ്രാങ്കോയ്‍ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീ വീണ്ടും വീണ്ടും മാനസിക പീഡനത്തിന് ഇരയായി. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാതെ സഭാനേതൃത്വം ഫ്രാങ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും പരിപാടിയില്‍ സംസാരിക്കവേ സിസ്റ്റര്‍ കുറ്റപ്പെടുത്തി. 

ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുത്. തെറ്റുചെയ്‍തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം താൻ സഭയിൽ തന്നെ തുടരും. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും അംഗീകരിക്കില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ആത്മകഥ കര്‍ത്താവിന്‍റെ നാമത്തിലൂടെ സിസ്റ്റര്‍ വൈദികര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 

മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും സിസ്റ്റർ പുസ്‍തകത്തിലൂടെ ആരോപിച്ചിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചു, കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ പുസ്‍തകത്തിലൂടെ ആരോപിച്ചിരിക്കുന്നത്. 

click me!