ലുങ്കി ഉടുത്തവരെ ഹോട്ടലിൽ കയറ്റിയില്ല; കോഴിക്കോട്ട് സാംസ്കാരിക പ്രവര്‍ത്തകരുടെ 'ലുങ്കി സമരം'

By Web TeamFirst Published Jul 17, 2019, 2:27 PM IST
Highlights

ലുങ്കി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ച കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ സാംസ്കാരിക പ്രവര്‍ത്തകർ 'ലുങ്കി സമരം' നടത്തി. ഹോട്ടലിന് മുന്നിൽ ലുങ്കി തൂക്കിയാണ് സമരക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. 

കോഴിക്കോട്: ലുങ്കി ഉടുത്തതിന്‍റെ പേരില്‍ പ്രവേശനം നിഷേധിച്ച കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ സാംസ്കാരിക പ്രവര്‍ത്തകർ 'ലുങ്കി സമരം' നടത്തി. ഹോട്ടലിന് മുന്നിൽ ലുങ്കി തൂക്കിയാണ് സമരക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടലിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.

മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ കരീമിനെയാണ് ലുങ്കി ഉടുത്ത് എത്തിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർ തടഞ്ഞത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് ബീച്ചിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് സംഭവം. ലുങ്കിയുടുത്ത് എത്തിയതിന്റെ പേരിൽ തന്നെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്റെ പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍, ഹോട്ടലില്‍ മൂന്നു കൗണ്ടറുകളുണ്ടെന്നും ഇതില്‍ കുടുംബമായി എത്തുന്നവര്‍ക്കുളള കൗണ്ടറില്‍ മാത്രമാണ് ലുങ്കിക്ക് നിയന്ത്രണമെന്നും ഹോട്ടല്‍ മാനേജ്മെന്‍റ് വിശദീകരിച്ചു. മദ്യപിച്ചെത്തിയ കരീം മുണ്ടുരിയാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നും ഹോട്ടല്‍ അധികൃതർ വ്യക്തമാക്കി. 
 

click me!