യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ മുണ്ടുരിഞ്ഞെന്ന് പ്രചാരണം, ഭീഷണി; തെളിവ് സഹിതം പൊലീസുകാരന്‍റെ പരാതി

By Web TeamFirst Published Jul 17, 2019, 1:54 PM IST
Highlights

''ശ്രദ്ധിക്കുക, പിഎസ്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റിന്‍റെ ഉടുമുണ്ട് അഴിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് യൂണിഫോമിട്ട മുന്‍ യൂണിവേഴ്‍സിറ്റി ഗുണ്ടയായ ഇവന്‍റെ ഡീറ്റയില്‍സ് കിട്ടും വരെ ഷെയര്‍ ചെയ്യുക'' എന്നായിരുന്നു പോസ്റ്റ്. 

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ മുണ്ടുരിഞ്ഞെന്ന് പ്രചരിപ്പിച്ച് എസ്എപി ക്യാംപിലെ പൊലീസുകാരനെതിരെ നവമാധ്യമങ്ങളില്‍ ഭീഷണി. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരന്‍ അസീം എം ഫിറോസിനെതിരെയാണ് ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ച് ഭീഷണി. ഇന്നലെ പട്ടം പി എസ് സി ഓഫിസിൽ യുവമോർച്ച മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുന്ന ചിത്രം പങ്കുവച്ചാണ് ഭീഷണി. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് അസീം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അമ്പലം ദിലീപ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഭീഷണിമുഴക്കിയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ''ശ്രദ്ധിക്കുക, പിഎസ്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റിന്‍റെ ഉടുമുണ്ട് അഴിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് യൂണിഫോമിട്ട മുന്‍ യൂണിവേഴ്‍സിറ്റി ഗുണ്ടയായ ഇവന്‍റെ ഡീറ്റയില്‍സ് കിട്ടും വരെ ഷെയര്‍ ചെയ്യുക'' എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് താഴെ അസീമിന്‍റെ ഐഡിന്‍റിറ്റി വെളിപ്പെടുത്തി നിരവധി പേര്‍ കമന്‍റുകളുമായി എത്തി. ഒറ്റയ്ക്ക് കിട്ടുമ്പോള്‍ പണി കൊടുക്കണം, തല്ലണം തുടങ്ങിയ ഭീഷണികളും അസഭ്യവര്‍ഷവും കമന്‍റുകളായെത്തി. ഇതിന് പിന്നാലെയാണ് അസിം പൊലീസില്‍ പരാതി നല്‍കുന്നത്.

പട്ടം പിഎസ്‍സി ഓഫീസിലേക്ക് വന്ന യുവമോര്‍ച്ച മാര്‍ച്ച് തടയുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍റെ മുണ്ട് ഊരിപ്പോയെന്നും അത് എടുത്ത് നല്‍കുകയാണ് താന്‍ ചെയ്തതുമെന്നാണ് അസീം പറയുന്നത്. മുണ്ട് എടുത്ത് നല്‍കിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അസഭ്യം പറഞ്ഞതായും അസിം കന്‍റോണ്‍മെന്‍റ് എസ്ഐക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെ ചിത്രം ഉപയോഗിച്ച്  ഭീഷണി തുടരുകയാണെന്നും നടപടി എടുക്കണമെന്നും നസീം പരാതിയില്‍ ആവശ്യപ്പെടുന്നു. ഭീഷണി പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് നസീം പരാതി നല്‍കിയിരിക്കുന്നത്.

click me!