Yusuff Ali : 'ഹെലികോപ്റ്റര്‍ അപകടകാരണം പൈലറ്റിന്‍റെ വീഴ്‍ചയെന്ന് ഡിജിസിഎ നിഗമനം'; വ്യക്തമാക്കി എം എ യൂസഫലി

By Web TeamFirst Published Dec 5, 2021, 1:34 PM IST
Highlights

പൈലറ്റുമാ൪ അനുഭവ സമ്പന്നരും തന്റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. 

കൊച്ചി: വ്യവസായി എംഎ യൂസഫലി (M A Yusuff Ali) സഞ്ചരിച്ച ഹെലികോപ്റ്ററിന് അപകടം സംഭവിച്ചത് പൈലറ്റിന്‍റെ വീഴ്ചയെന്ന് ഡിജിസിഎ (dgca) റിപ്പോർട്ട്. അപകടസമയത്ത് തന്നെ സഹായിച്ചവരെ കാണാൻ എത്തിയപ്പോഴാണ് ഇക്കാര്യം യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. കടവന്ത്രയിൽ നിന്ന് പനങ്ങാട്ടേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റർ ക്രാഷ് ലാന്‍റ് ചെയ്തത് സാങ്കേതിക തകരാർ കാരണമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ തടസ്സങ്ങളെ പൈലറ്റുമാർക്ക് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് ഡിജിസിഎ കണ്ടെത്തൽ. കാലാവസ്ഥയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എങ്കിലും അത് കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചു. സാങ്കേതിക തകരാറല്ല സംഭവിച്ചത്. പൈലറ്റുമാ൪ അനുഭവ സമ്പന്നരും തന്‍റെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ആ ഘട്ടത്തിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. 

ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ  ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ചതുപ്പിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടർ പതിക്കുമ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിൻ്റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിൻ്റെ വിൻഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ച് എംഎ യൂസഫലി ഇന്ന് വീട്ടിലെത്തിയിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. 

click me!