'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്'; സിപിഎമ്മിനെതിരെ വി മുരളീധരന്‍

By Web TeamFirst Published Dec 5, 2021, 1:10 PM IST
Highlights

സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു മുരളീധരന്‍. 
 

കോട്ടയം: പെരിങ്ങര സിപിഎം (cpm) ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് വധക്കേസില്‍ സിപിഎമ്മിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ (V Muraleedharan). സന്ദീപിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു. പ്രതികളില്‍ ഒരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്‍ക്കാന്‍ വരരുതെന്നും മന്ത്രി പറഞ്ഞു. സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു മുരളീധരന്‍. 

ബിജെപി-ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ  കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് കോടിയേരി പറഞ്ഞത്. പൊലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. പൊലീസുമായി ബന്ധപ്പെട്ട് മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേസിലെ ഒരു പ്രതി ബിജെപിക്കാരൻ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവർ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി പറഞ്ഞു. 

സിപിഎമ്മുകാർ മരിച്ചാൽ വ്യാജ പ്രചരണം നടത്തുന്നത് പതിവാണ്. നേരത്തെ വെഞ്ഞാറമ്മൂടിൽ രണ്ട് സിപിഎമ്മുകാരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായി. വ്യാജ പ്രചരണങ്ങളിൽ നിന്നും ബിജെപിയും ആർഎസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.  സന്ദീപിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയിൽ നിന്നും ആർഎസ്എസ് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. 

click me!