മക്കളെ കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ

By Web TeamFirst Published Sep 1, 2021, 1:17 PM IST
Highlights

സൈബർ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളത്, പക്ഷേ ഇപ്പോൾ മക്കളെ മുൻനിർത്തിയാണ് വർഗീയ ചുവയോടെ സൈബർ ആക്രമണം നടത്തുന്നത്

പാലക്കാട്: മക്കളെ കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സ്പീക്കർ എം ബി രാജേഷ്. വർഗീയ ചുവയോടെയാണ് സൈബർ പ്രചാരണം നടത്തുന്നതെന്നും സ്പീക്കർ കുറ്റപ്പെടുത്തി. 

സൈബർ ആക്രമണം പുതിയതല്ല, അതിന് പുല്ലുവിലയാണ് കൽപ്പിക്കാറുള്ളത്, പക്ഷേ ഇപ്പോൾ മക്കളെ മുൻനിർത്തിയാണ് വർഗീയ ചുവയോടെ സൈബർ ആക്രമണം നടത്തുന്നത്. ഇതിനെതിരെ കുടുംബം പരാതി നൽകുമെന്ന് എം ബി രാജേഷ് അറിയിച്ചു. 

നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ട്. അതുകൊണ്ടൊന്നും അഭിപ്രായത്തിലോ നിലപാടിലെ മാറ്റം വരുത്തില്ലെന്നും രാജേഷ് വ്യക്തമാക്കി. 

സ്പീക്കറും കക്ഷി രാഷ്ട്രീയവും

സ്പീക്കർക്ക് കക്ഷി രാഷട്രീയം പാടില്ലെന്നത് അന്ധവിശ്വാസങ്ങളിലൊന്നായേ കാണുന്നുള്ളൂവെന്ന് രാജേഷ് ആവർത്തിച്ചു. കക്ഷി രാഷ്ട്രീയം പാടില്ലെന്ന് മാത്രമേ ഉള്ളൂ. അടിയന്തരാവസ്ഥയേക്കാൾ ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നു. ജാലിയൻ വാലാ ബാഗിനെ പിക്നിക് പ്ലേസാക്കി മാറ്റിയെന്നാണ് നിയമസഭ സ്പീക്കറുടെ പരിഹാസം. 

ഡയർ പ്രവേശിച്ച വഴി അടക്കം നവീകരിച്ചതായാണ് മാധ്യമ വാർത്തകൾ, ഇർഫാൻ ഹബീബിൻ്റെ വിമർശനത്തോട് യോജിക്കുന്നുവെന്നും ചരിത്രത്തിൻ്റെ കോർപ്പറേറ്റ് വത്കരണം നടക്കുന്നുവെന്നും രാജേഷ് കൂട്ടിച്ചേർത്തു. രക്തസാക്ഷി ചരിത്രത്തെ അലങ്കാരം കൊണ്ട് മറയ്ക്കുകയാണ്. ഇത് പ്രതിഷേധാർഹവും ദുഃഖകരവുമാണ്. 


ജിന്നയും സവർക്കറും മതവിശ്വാസികളായിരുന്നില്ല. ഗാന്ധി യഥാർത്ഥ വിശ്വാസിയായിരുന്നു

എല്ലാതരം വർഗീയതയും അപകടകരമാണെന്ന് പറഞ്ഞ രാജേഷ് ഇന്ത്യയിൽ അധികാരം പിടിക്കാനാവുക ഭൂരിപക്ഷ വർഗീയതയ്ക്കാണെന്ന് പറയുന്നു. രണ്ടു വർഗീയതയും പരസ്പരം ചേർന്നു നിൽക്കുന്നതാണ്, വർഗീയ വാദിക്ക് മത വിശ്വാസിയാക്കാൻ കഴിയില്ല. ജിന്നയും സവർക്കറും മതവിശ്വാസികളായിരുന്നില്ല. ഗാന്ധി യഥാർത്ഥ വിശ്വാസിയായിരുന്നു, വർഗീയ വാദിയായിരുന്നില്ല. രാജേഷ് പറയുന്നു. 


പെഗാസസ് പരാതി അന്വേഷിക്കും

ജനപ്രതിനിധികൾ ഉപയോഗിക്കുന കവചം ആപ്പിൽ പെഗാസസ് സാന്നിധ്യമെന്ന പരാതി അന്വേഷിക്കുമെന്നും സ്പീക്കർ അറിയിച്ചു. ഐ ബി സതീശൻ ഉൾപ്പടെയുള്ള അംഗങ്ങളാണ് പരാതി നൽകിയത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!