ലീഗിലും തലമുറമാറ്റം ആവശ്യം; രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നെന്നും എം കെ മുനീര്‍

By Web TeamFirst Published May 22, 2021, 12:20 PM IST
Highlights

സിപിഎമ്മിൽ നടന്നത് തലമുറ മാറ്റമല്ല ഇഷ്ടമില്ലാത്തവരെ മാറ്റൽ മാത്രമെന്നും മുനീർ പറഞ്ഞു. 

തിരുവനന്തപുരം: കോണ്‍​ഗ്രസിലെ തലമുറമാറ്റത്തെ സ്വാ​ഗതം ചെയ്ത് എം കെ മുനീര്‍. തലമുറമാറ്റം നല്ലതെന്നും മുസ്ലീംലീഗിലും ഇത് ആവശ്യമെന്നും മുനീര്‍ പറഞ്ഞു. പാർലമെൻ്ററി പാർട്ടി ചുമതല ഏറ്റെടുത്തത് പാര്‍ട്ടി ആവശ്യപ്പെട്ടതിനാല്‍ മാത്രമാണ്. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും മുനീര്‍ പറഞ്ഞു. സിപിഎമ്മിൽ നടന്നത് തലമുറ മാറ്റമല്ല ഇഷ്ടമില്ലാത്തവരെ മാറ്റൽ മാത്രമെന്നും മുനീർ പറഞ്ഞു. 

പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനായിരിക്കും ഇനി പ്രതിപക്ഷത്തെ നയിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.

മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം. 

 

click me!