സെമിനാറില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ പിന്മാറ്റം: അന്വേഷണം വേണമെന്ന് എം കെ രാഘവന്‍

By Web TeamFirst Published Nov 20, 2022, 5:19 PM IST
Highlights

കെപിസിസി അധ്യക്ഷൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണം. ഇല്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവൻ പറഞ്ഞു. 

കോഴിക്കോട്: ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം കെ രാഘവൻ എം പി. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം പി വ്യക്തമാക്കി.  സംഭവം അതീവഗൗരവകരം എന്നും ഇക്കാര്യ o അന്വേഷിക്കാൻ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തിയ ശേഷമാണ് താൻ തരൂരിന്‍റെ പരിപാടികൾ നിശ്ചയിച്ചതെന്നും എം കെ രാഘവൻ പറഞ്ഞു. നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ആണ് എം കെ രാഘവന്‍ നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. 

തരൂരിന്‍റേത് മുഖ്യമന്ത്രിസ്ഥാനവും പാർട്ടി നേത‍ൃപദവിയും ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തിയാണ് മലബാറിലെ പരിപാടികളിൽ കോൺഗ്രസിന്‍റെ വിലക്ക്. ഇത് പരസ്യമായി സമ്മതിക്കുകയാണ് കോഴിക്കോട് ഡി സി സി പ്രസിഡണ്ട്. പരിപാടിയിൽ നിന്ന് ഡി സി സി പിൻമാറിയതായി സ്ഥിരീകരിച്ച കണ്ണൂ‍ർ ഡി സി സി പ്രസിഡണ്ട് ആരെയും വിലക്കിയിട്ടില്ലെന്ന് വിശദീകരിച്ചു. ഒരു തരത്തിലുള്ള വിലക്കും തരൂരിനില്ലെന്നായിരുന്നു വി ഡി സതീശന്‍റെ ന്യായീകരണം. പരിപാടിയുടെ നടത്തിപ്പിൽ നിന്ന് യൂത്ത് കോൺഗ്രസ്‌ പിന്മാറിയത് അവരോട് ചോദിക്കണം. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതില്‍ മുതിർന്ന നേതാക്കൾക്ക് ആശങ്ക  ഉണ്ടോ എന്ന ചോദ്യത്തിന് 'നോ കമന്‍റസ്' എന്നായിരുന്നു സതീശന്‍റെ  മറുപടി.

click me!