
മൂന്ന് തുടർപരാജയങ്ങൾ. മത്സരരംഗത്ത് ഇനിയൊരു അവസമുണ്ടാകുമോയെന്നുപോലും തോന്നിപ്പിച്ച സന്ദർഭം. കായംകുളത്ത് മത്സരിക്കാൻ പാർട്ടി നിയോഗിച്ചപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിയ നിമിഷങ്ങൾ. ഒടുവിൽ കായംകുളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ മന്ത്രിക്കസേരയിലേക്ക്. തുടർച്ചയായ തോൽവികൾക്ക് ശേഷം നേടിയ വൻ വിജയത്തിന്റെ മധുരം അൽപം കൂടുതലാണ് എം ലിജുവിന്.
1994-ൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റായാണ് എം.ലിജു പൊതുരംഗത്തേക്ക് ചുവടുവച്ച് തുടങ്ങിയത്. പിന്നീട് ക്യാമ്പസ്സുകൾതോറും ആവേശംപടർത്തിയുളള കെഎസ് യു കാലഘട്ടം. രാഹുൽഗാന്ധിയുടെ ടാലൻ്റ് ഹണ്ടിലൂടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. തുടർന്ന് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും. വിദ്യാർത്ഥി- യുവജനപ്രസ്ഥാനങ്ങളിലെ പ്രവർത്തി പരിചയം ലിജുവെന്ന രാഷ്ട്രീയ നേതാവിനെ പരുവപ്പെടുത്തി. അത് ആലപ്പുഴ ഡിസിസി അധ്യക്ഷ പദവിയിലേക്കും കെപിസിസി ജന.സെക്രട്ടറിയിലേക്കുമൊക്കെയെത്തിച്ചു. കെ.സുധാകരന് കീഴിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായപ്പോൾ പാർട്ടിപ്രവർത്തനങ്ങളിൽ ചട്ടക്കൂട് കൊണ്ടുവരാൻ പ്രയത്നിച്ച നേതാവ്.
32 - മത്തെ വയസ്സിൽ കന്നിയങ്കത്തിൽ അമ്പലപ്പുഴയിൽ ജി.സുധാകരനോട് തോറ്റ് തുടങ്ങിയതാണ് നിയമസഭ പോരാട്ട ചരിത്രം. തോൽവി മുന്നിൽക്കണ്ട പോരാട്ടങ്ങളിലൊക്കെ പാർട്ടി പറഞ്ഞതനുസരിച്ച് മത്സരിച്ചു. അങ്ങനെ അമ്പലപ്പുഴയിൽ രണ്ട് തവണയും കായംകുളത്ത് രണ്ട് തവണയുമായി നിയമസഭാ പോരാട്ടം. ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തലയുടെ രാഷ്ടീയ അനുയായിയായി തുടങ്ങി കെസി വേണുഗോപാൽ പക്ഷക്കാരനായി കായംകുളത്ത് എത്തി നിൽക്കുന്നതാണ് ലിജുവിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയം. ഇപ്പോൾ മന്ത്രിക്കസേരയിലേക്കും.
ചരിത്ര വിഷയങ്ങളിലെ പരന്ന വായന, സാഹിത്യ കൃതികളോടുള്ള ഇഷ്ടം. ചാനൽ ചർച്ചകളിൽ ബഹളങ്ങൾ ഇല്ലാതെ എതിരാളി കീഴ്പ്പെടുത്തുന്ന സംവാദകൻ. മികച്ച പ്രാസംഗികൻ. ജനപ്രതിനിധിയാകാൻ യോഗ്യനെന്ന് കണ്ടു നിൽക്കുന്നവർക്ക് തോന്നും വിധമുള്ള വാക്ചാതുര്യം. ഇതൊക്കെ എം ലിജുവിനെ വ്യത്യസ്തനാക്കി.
ഹരിപ്പാട് ആനാരിയിലെ മീനത്തേതിൽ വീട്ടിൽ, പോലീസ് കോൺസ്റ്റബിളായിരുന്ന എം.മോഹൻലാലിന്റെയും ചന്ദ്രികയുടെയും മകനായി ജനനം.
പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന ജീവിതം. സ്വന്തം പഠനച്ചെലവിനായി ട്യൂഷനെടുത്തു. ഫിസിക്സിൽ ബിരുദവും, തുടർന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി അഭിഭാഷകനായി. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിൽ ഭാര്യ അമ്പിളിയും രണ്ട് പെൺ മക്കളുമടങ്ങുന്ന കുടുംബം കരുത്തായി കൂടെയുണ്ട്. എം ലിജുവെന്ന കോൺഗ്രസിന്‍റെ സൗമ്യമുഖം കളിവള്ളങ്ങളുടെ നാട്ടിൽ നിന്ന് ക്യാബിനറ്റിലേക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam