
തിരുവനന്തപുരം: കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ. അടൂർ പ്രകാശിന് അപ്രകാരം ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു. അത് അദ്ദേഹം ചെയ്യുകയും ചെയ്തു. പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നു എന്നാണ് എം എം ഹസ്സന്‍റെ പ്രതികരണം. മുഖ്യമന്ത്രിയെ ഒരാൾ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരാൾ ഉണ്ടെന്ന മന്ത്രി കെ മുരളീധരന്‍റെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ, അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എന്തായാലും തന്‍റെ പിന്നിൽ ആരുമില്ലെന്നും എം എം ഹസൻ വ്യക്തമാക്കി.
ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ മാസപ്പടി കേസിൽ പിണറായിക്കെതിരെ നടപടിയുണ്ടാകും എന്ന കെ സുധാകരന്‍റെ പരാമർശത്തെ കുറിച്ചും എം എം ഹസൻ പ്രതികരിച്ചു. അത്തരം പരാമർശങ്ങളെല്ലാം പൊതുവേദികളിൽ ഒഴിവാക്കേണ്ടതാണ്. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോ ഈ സർക്കാരിലെന്ന് എം എം ഹസൻ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമർശനം തുടരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര് എന്ന് താനിപ്പോൾ പറയുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മാസപ്പടി കേസിലെ സര്‍ക്കാര്‍ സമീപനത്തില്‍ കോണ്‍ഗ്രസിൽ പോര് കനക്കുകയാണ്. കുഴൽനാടന്‍റെയും യുഡിഎഫ് കണ്‍വീനറുടെയും പരസ്യ വിമര്‍ശനങ്ങള്‍ ആസൂത്രിതമെന്ന ആരോപണം വി ഡി പക്ഷം ശക്തമാക്കി. സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി കൂടിയാലോചിക്കുന്നില്ലെന്ന വിമർശനം അടൂര്‍ പ്രകാശ് ആവർത്തിച്ചു. എഐസിസി അധ്യക്ഷന് പരാതി കൊടുത്ത ശേഷവും പരസ്യ വിമര്‍ശനം അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചിരിക്കുകയാണ്. വിമര്‍ശിച്ചതിന്‍റെ പേരിൽ പുകച്ചു പുറത്തു ചാടിക്കാൻ ശ്രമമെന്ന ആരോപണവും ഉയര്‍ത്തി. ക്യാബിനറ്റ് പദവികളിലെ തീരുമാനത്തിലെ അഭിപ്രായം പാര്‍ട്ടിയിൽ പറയുമെന്ന് കെ സി വേണുഗോപാൽ ദില്ലിയിൽ പറഞ്ഞ അതേ ദിവസമാണ് യുഡിഎഫ് കണ്‍വീനര്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. അന്നേ കെസിക്കെതിരെ വിഡി പക്ഷം പ്രചാരണം തുടങ്ങിയിരുന്നു. വിമര്‍ശനം അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുമ്പോള്‍ ആ പ്രചാരണ മുന കൂര്‍പ്പിക്കുകയാണ് വിഡി പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam