പൊമ്പിളൈ ഒരുമൈയ്‍ക്കെതിരായ എംഎം മണിയുടെ വിവാദ പരാമര്‍ശം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

By Web TeamFirst Published Aug 27, 2022, 10:28 AM IST
Highlights

 പൊമ്പിളൈ ഒരുമൈ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റ് പരിപാടികളുമായിരുന്നു എന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.

ദില്ലി: പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മുന്‍ മന്ത്രി എം എം മണി നടത്തിയ പ്രസംഗത്തിനെതിരായ ഹർജി സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിൽ. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പൊമ്പിളൈ ഒരുമൈ സമര കാലത്ത് കാട്ടില്‍ കുടിയും മറ്റ് പരിപാടികളുമായിരുന്നു എന്ന മണിയുടെ വിവാദ പരാമര്‍ശത്തിന് എതിരെ പൊതുപ്രവർത്തകന്‍ ജോർജ് വട്ടുകുളമാണ് ഹര്‍ജി നൽകിയത്. യുപി സർക്കാരിനെതിരെ ബി ജെ പി എം പി കൗശൽ കിഷോർ നൽകിയ ഹർജിക്കൊപ്പമാണ് എം എം മണിക്കെതിരായ ഹർജിയും പരിഗണിക്കുക.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തി; പി കെ ശശിക്കെതിരെ വീണ്ടും പരാതി

പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിക്കകത്ത് പടയൊരുക്കം. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് രൂപ കൈവശപ്പെടുത്തുന്നതായി മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മൻസൂർ കെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് ശശിയുടേതെന്നും സിപിഎം സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. .

കഴിഞ്ഞ ജൂണിലാണ് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ മൻസൂർ കെ, പി കെ ശശിക്കെതിരെ സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ പി കെ ശശി നടത്തിയ സാമ്പത്തിക ക്രമക്കേടുകളാണ് പരാതിയില്‍ പ്രധാനമായും പറയുന്നത്. മണ്ണാര്‍ക്കാട്ടെ റൂറല്‍ ബാങ്ക്, കുമരംപുത്തൂര്‍ ബാങ്ക്, ഹൗസിംഗ് സൊസൈറ്റി ഉള്‍പ്പടെ സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളില്‍ ലക്ഷകണക്കിന് രൂപ കൈപറ്റിയാണ് പി കെ ശശി നിയമനം നടത്തുന്നത്. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാതെയാണ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയിലും റൂറല്‍ ബാങ്കിലും പി കെ ശശിയുടെ ബന്ധുക്കളെ നിയമിച്ചത്. പി കെ ശശി അധ്യക്ഷനായ മണ്ണാര്‍ക്കാട്ടെ സ്വാശ്രയ കോളേജിന് വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് കോടി കണക്കിന് രൂപ ഓഹരിയായി പിരിച്ചെടുത്തു എന്നും ആരോപണമുണ്ട്. 

മണ്ണാര്‍ക്കാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്സല്‍ ആര്‍ട്സ് ആൻഡ് സയൻസ് കോളേജിന്‍റെ പ്രവര്‍ത്തനം. കോളേജ് 5,45,53638 രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21ലെ സഹകരണ ഓഡിറ്റ് വ്യക്തമാക്കുന്നു. ഈ സ്ഥാപനത്തിലേക്കാണ് സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5,49,39000 രൂപ ഓഹരിയായി ശേഖരിച്ചത്. കുമരംപുത്തൂര്‍ സൊസൈറ്റിയില്‍ നിന്നും മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കില്‍ നിന്നും 1 കോടി രൂപ വീതം എടുത്തു. അലനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപയാണ് എടുത്തത്. മണ്ണാര്‍ക്കാട് എംപ്ലോയീസ് സൊസൈറ്റി 60 ലക്ഷം രൂപയും എയ്‍ഡഡ് സ്കൂള്‍ സൊസൈറ്റി 50 ലക്ഷം രൂപയും എടുത്തു. ലാഭവിഹിതം കിട്ടാതെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഈ സ്ഥാപനങ്ങള്‍ നേരിടുന്നതെന്നും പരാതിയില്‍ പറയുന്നത്.

മണ്ണാര്‍ക്കാട്ടെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിൻ്റെ നിര്‍മ്മാണ ഫണ്ടിലെ ബാക്കി തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കാണ് പി കെ ശശി മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും എതിര്‍ക്കുന്നവരെ പാര്‍ട്ടയില്‍ നിന്ന് ഇല്ലാതാക്കുന്ന സമീപനമാണ് പി കെ ശശി സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു പരാതി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി കെ ശശി പ്രതികരിച്ചു. പി കെ ശശിയുടെ ഭീഷണി കാരണം പല മിടുക്കരായ പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ നിന്ന് അകന്നതായി പരാതിയില്‍ പറയുന്നു. ഇനിയും അതുണ്ടാകാതിരിക്കാൻ പാര്‍ട്ടി നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ലോക്കല്‍ കമ്മിറ്റി അംഗം പരാതിയില്‍ പറയുന്നത്. പരാതിയെ കുറിച്ച് പ്രതികരണത്തിനില്ലെന്ന് ലോക്കൽ കമ്മിറ്റി അംഗം മൻസൂർ വ്യക്തമാക്കി. എന്നാല്‍, പരാതി കിട്ടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.
 

click me!