
തൃശ്ശൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണം നാൾക്കുനാൾ കൂടിവരുമ്പോൾ കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നായ്ക്കളുടെ വന്ധീകരണത്തിന് ആനിമൽ വെൽഫയർ ബോർഡിന്‍റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ അധികാരമുള്ളുവെന്ന ഹൈക്കോടതി ഉത്തരവാണ് തൃശ്ശൂർ സ്വദേശി പ്രിയയുടെ സംരഭത്തിന് തിരിച്ചടിയായത്.
2020 മെയ് മാസത്തിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിക്കായി ആധുനിക സൗകര്യത്തോടെയുള്ള വാഹനം പ്രിയ സജ്ജമാക്കുന്നത്. വെറ്റിനറി നഴ്സായി ജോലി ചെയ്യവേ കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിലൂടെയാണ് കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്. ഒരു കോടി രൂപയാണ് ചെലവ്. വന്ധീകരണം, പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പടെ മൃഗപരിപാലനവുമായി ബന്ധപ്പെട്ട് എല്ലാം ചെയ്യാനാകുന്ന മൊബൈൽ മൃഗാശുപത്രിയുടെ പ്രവർത്തനം എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു. തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ 3894 വന്ധീകരണ ശസ്ത്രക്രിയകൾ നടത്തി.
തദ്ദേശ സ്ഥാപനങ്ങൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവർ പറയുന്ന സ്ഥലത്ത് നേരിട്ടെത്തി ചികിത്സ നടത്തി മടങ്ങാനാകുമെന്നതാണ് നേട്ടം. എന്നാൽ ആനിമൽ വെൽഫയർ ബോർഡിന്‍റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ വന്ധീകരണം നടത്താൻ അധികാരമുള്ളു എന്ന 2021 ലെ കോടതി ഉത്തരവ് തിരിച്ചടിയായി. വായ്പയെടുത്ത് തുടങ്ങിയ സംരംഭം നടത്തിക്കൊണ്ടുപോകാൻ ആകാതെ വന്നതോടെ വീടുകൾ കയറി മൃഗങ്ങളുടെ ചികിത്സയും പരിശോധനയും നടത്തിയാണ് പ്രിയയുടെ ഉപജീവനം.
ഗ്യാസ് കുറ്റി കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊന്ന സംഭവം; വീട് വിറ്റ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമെന്ന് പൊലീസ്
തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം വിഷ്ണു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു.