Latest Videos

'ഇഡി നല്‍കിയ ഹര്‍ജിക്ക് മുമ്പ് തന്‍റെ വാദം കേള്‍ക്കണം'; എം ശിവശങ്കര്‍ സുപ്രീംകോടതിയില്‍, തടസ്സഹര്‍ജി നല്‍കി

By Web TeamFirst Published Feb 11, 2021, 9:37 PM IST
Highlights

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബര്‍ 28നായിരുന്നു എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. 

ദില്ലി: എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റിനെതിരെ എം ശിവശങ്കര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസിലെ തന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്‍റിന്‍റെ ഹര്‍ജിക്ക് മുമ്പ് തന്‍റെ വാദം കേള്‍ക്കണമെന്നാണ്  ശിവശങ്കറിന്‍റെ ആവശ്യം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബര്‍ 28നായിരുന്നു എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. 

കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്. ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ആവശ്യം. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവര്‍ക്കെതിരെയും ശിവശങ്കറിനെതിരെയും ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ഇഡി പറയുന്നത്. അന്വേഷണം പ്രധാനഘട്ടത്തിലൂടെ പോകുമ്പോഴാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നൽകിയതെന്നും സുപ്രീംകോടതിയിലെ ഹര്‍ജിയിൽ പറയുന്നു. സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയെ കേസിൽ ഹാജരാക്കാനുള്ള നീക്കങ്ങളും ഇഡി നടത്തുന്നുണ്ട്. ഇഡിക്ക് പിന്നാലെ കസ്റ്റംസും സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. 

click me!