സ്വപ്നയുടെ ക്രിമിനൽ ഇടപാടുകളിൽ ശിവശങ്കര്‍ പങ്കാളിയെന്ന് ഇഡി: ജാമ്യാപേക്ഷയിൽ എതിര്‍വാദം

By Web TeamFirst Published Nov 12, 2020, 3:05 PM IST
Highlights

ശിവശങ്കറിന്‍റെ എൻഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും.

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ എം ശിവശങ്കർ സഹായിച്ചെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ . ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇഡി വാദം. പണം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ്  വേണുഗോപാലിനോട് ലോക്കർ തുറക്കാൻ പറഞ്ഞത്. സ്വർണക്കള്ളകടത്ത്  തുടങ്ങുന്നതിന് മുൻപും സ്വപ്നയുമൊത്ത് ക്രിമിനൽ നടപടികളിൽ ശിവശങ്കർ പങ്കാളിയായിട്ടുണ്ടെന്നാണ് ഇഡി വാദം. 

2018 ൽ ലോക്കർ തുറന്നത് മറ്റ് ക്രമിനൽ പ്രവർത്തനങ്ങളിലൂടെയും പണം ലഭിച്ചതു കൊണ്ടാണ്.  സ്വന്തം പണമായിരുന്നെങ്കിൽ സ്വപ്നയ്ക്ക് സ്വന്തമായി തന്നെ ലോക്കര്‍ തുടങ്ങാമായിരുന്നു. ദുബൈ ഭരണാധികാരി സ്വപ്നയ്ക്ക് 64 ലക്ഷം രൂപ നൽകിയെന്നത് കള്ളമാണ്. സ്വപ്നക്ക് എന്തിനാണ് ഇത്രയധികം പണം ദുബായ് ഭരണാധികാരി നൽകണമെന്നും ഇഡി അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. 

അതേസമയം അനധികൃത  വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്നയുടെ മൊഴി മാത്രമെന്നായിരുന്നു  എം ശിവശങ്കറിന് വേണ്ടി ഹാജരായ  അഭിഭാഷകൻ നേരത്തെ വാദിച്ചത്. 

തുടര്‍ന്ന് വായിക്കാം: ഇഡിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ; ജാമ്യാപേക്ഷയിൽ വാദം...
 

ലോക്കറിലെ പണത്തിന്റെ കാര്യത്തിൽ സ്വപ്നയെ ശിവശങ്കർ പൂർണ്ണമായും വിശ്വസിച്ചിരുന്നില്ലെന്നും ഇഡി അഭിഷകൻ വാദിച്ചു.അതുകൊണ്ടാണ് വിശ്വസ്തനായ വേണുഗോപാലിനെ പങ്കാളിയാക്കിയത്. ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്ന് വേണു ഗോപാൽ മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി വിശദീകരിച്ചു. നിർണായകമായ ചില തെളിവുകൾ മുദ്രവച്ച കവറിൽ കൈമാറാമെന്നും ഇ ഡി അഭിഭാഷകൻ പറഞ്ഞു. തെളിവുകൾ പുറത്തു വിടുന്നത് അന്വഷണത്തെ ബാധിക്കും. സർക്കാറിൻറെ പദ്ധതി രേഖകൾ ചോർത്തിയത് ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നില നിൽക്കുമെന്നാണ് ഇഡി വാദിക്കുന്നത്.

ശിവശങ്കറിന്‍റെ എൻഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി അവസാനിക്കുകയാണ്. ഉന്നത സ്വാധീനമുള്ള വ്യക്തിയെന്നും ജാമ്യത്തിൽ വിട്ടാൽ ശിവശങ്കര്‍ തെളിവ് നശിപ്പിക്കുമെന്നുംഇഡി വാദിച്ചു.  ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും.

click me!