എം ശിവശങ്കറിന്‍റെ അറസ്റ്റ് 23 വരെ തടഞ്ഞ് ഹൈക്കോടതി: രാഷ്ട്രീയ കളികളുടെ ഇരയെന്ന് ശിവശങ്കര്‍

By Web TeamFirst Published Oct 19, 2020, 2:08 PM IST
Highlights

ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ല

കൊച്ചി: എം ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ല. എതിര്‍വാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ച്ച വൈകിട്ട്  അറസ്റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് എം ശിവശങ്കര്‍  ഹൈക്കോടതിയിൽ നൽകിയ മുൻകൂര്‍ ജാമ്യേപേക്ഷയിൽ പറഞ്ഞിരുന്നു . എൻഫോഴ്സ്മെന്‍റ് കേസിലും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കര്‍ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം ശിവശങ്കര്‍ ഹൈക്കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം,  ചോദ്യം ചെയ്യലിന് കസ്റ്റംസിന്റെ കാറിൽ വരാൻ അവർ നിർബന്ധിച്ചു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ലെന്നും എം ശിവശങ്കര്‍ പറയുന്നു. 

തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നതു എന്ന് പോലും നോട്ടീസിൽ വ്യക്തമല്ലെന്നും എന്ത് കൊണ്ട് "ഹരാസ്" ചെയ്യുന്നു എന്ന് മനസിലാകുന്നില്ലെന്നും എം ശിവശങ്കര്‍ ഹര്‍ജിയിൽ പറഞ്ഞു. സ്വർണക്കള്ളക്കടത്തിൽ മാത്രം 34മണിക്കൂർ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു. ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ പറയുന്നുണ്ട്. 200/100 ആയിരുന്നു പൾസ്. മെഡിക്കൽ റെക്കോർഡുകൾ കള്ളം പറയില്ലെന്നും എം ശിവശങ്കര്‍ വ്യക്തമാക്കി.

കസ്റ്റംസ് വാദം ഇങ്ങനെ: 

മുൻകൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത കസ്റ്റംസ്  നിലവിൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കോടതിയിൽ വാദിച്ചു. സമൻസ് കൈപ്പറ്റാൻ പോലും  ശിവശങ്കര്‍ വിസമ്മതിച്ചു.  ശിവശങ്കർ രാഷ്ട്രീയം കളിക്കുകയാണ് എന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. 

അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോര്‍ഡ് യോഗം ചേരുകയാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

click me!