എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യുകയാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

By Web TeamFirst Published Oct 20, 2020, 2:01 PM IST
Highlights

മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണ കടത്തിലുള്ള പങ്ക് അറിയാമെന്നും ബിജെപി നേതാവ്

തിരുവനന്തപുരം: ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണ കടത്തിലുള്ള പങ്ക് അറിയാമെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

ശിവശങ്കർ മിണ്ടിയാൽ സംസ്ഥാന സർക്കാരിന് രാജിവെക്കേണ്ടി വരും. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭയത്തിന്റെ മുൾമുനയിൽ നിർത്തി ഭയപ്പെടുത്താൻ ശ്രമിക്കുകയാണ് ശിവശങ്കർ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് നാടകമാണ്. ഹവാല ഇടപാട് ആരംഭിച്ചത് ക്ലിഫ് ഹൗസിൽ നിന്നാണ്. ക്ലിഫ് ഹൗസിലെ സിസിടിവികൾ നശിച്ചത് ആസൂത്രിതമായാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിന് സ്വബോധം നഷ്ടപ്പെട്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്തോറും പാർട്ടിക്ക് വല്ലാത്ത അസ്വസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാവ് ശശി തരൂർ ഒറ്റുകാരന്റെ റോളിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട തരൂർ നടത്തിയത് ദേശവിരുദ്ധ പ്രസ്താവകളാണ് പാക് മാധ്യമങ്ങളുമായി ഇന്ത്യാ വിരുദ്ധ നിലപാട് ചർച്ച ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇത് തന്നെയാണോ കോൺഗ്രസിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു. വെൽഫയർ പാർട്ടിയുമായി ചർച്ച നടത്തിയത് പൊതു സമൂഹത്തോട് പറയാനുള്ള ആർജ്ജവം കോൺഗ്രസ് കാണിക്കണം. ചെന്നിത്തലയും മുല്ലപ്പള്ളിയും മറുപടി പറയണം.

click me!