സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ ലീഗ്. എന്തിനാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ എന്ന് ചോദ്യം
തിരുവനന്തപുരം: സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ വിമർശനവുമായി നാഷണൽ ലീഗ്. തെറ്റായ പരാമർശം പിൻവലിക്കണമെന്നും എന്തിനാണ് ദ്വയാർത്ഥ പ്രയോഗങ്ങൾ? മലപ്പുറത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് ഏറെ പണിയുണ്ടാക്കരുത്. ടി കെ ഹംസയെ വിജയിപ്പിച്ചത് മലപ്പുറത്തെ ജനങ്ങളാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്‍റെ എപി അബ്ദുൾ വഹാബ് പറഞ്ഞു. എൻഎസ്എസ്-എസ്എന്‍ഡിപി ഐക്യാഹ്വാനത്തിലും അബ്ദുൾ വഹാബ് പ്രതികരിച്ചു. സമുദായങ്ങളുടെ ഐക്യം നല്ലതാണ് എന്നാല്‍ ഏതെങ്കിലും സമുദായത്തെ മാറ്റി നിർത്തിയാവരുത് ഐക്യം. നായാടി മുതൽ നസ്രാണി വരെ എന്ന് പറയുന്നതിൽ പ്രശ്‌നമുണ്ട്. ഐക്യങ്ങളുടെ പാലം എല്ലാവരിലേക്കും നീട്ടണം എന്നും അബ്ദുൾ വഹാബ് പറഞ്ഞു.
കാസർകോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രിയുടെ വാക്കുകൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് മന്ത്രി നടത്തിയ ഈ പരാമർശം, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പരാമർശം വിവാദമായിട്ടും കഴിഞ്ഞ ദിവസം മന്ത്രി അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമാകുമെന്ന് പാർട്ടി ഭയപ്പെടുന്നു.



