ശിവശങ്കറിന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും

By Web TeamFirst Published Jul 15, 2020, 5:54 PM IST
Highlights

സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്‍റെ ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷവും ഫോണ്‍ കസ്റ്റംസ് വിട്ടുനല്‍കിയിട്ടില്ല. സിഡാക്കില്‍ ഫോണ്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് നല്‍കും. മറ്റ് പ്രതികളുടെ ഫോണുകള്‍ക്കൊപ്പം കസ്റ്റംസ് കമ്മീഷണറുടെ അനുമതിയോടെ ശിവശങ്കറിന്‍റെ ഫോണും അയക്കാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്ത് പ്രതികളെ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദം എം ശിവശങ്കറിന് ഉണ്ടെന്നത് വ്യക്തമാണ്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോൺ വിളികൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. ഫോണ്‍ പരിശോധനയിലൂടെ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

അറസ്റ്റിലായ ജലാലും റമീസും ചേർന്നാണ് കള്ളക്കടത്തിന് പണം മുടക്കാൻ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കളളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞ്, സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചത്. കളളക്കടത്തിന് പണം മുടക്കാൻ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവർക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും  സ്വർണം വാങ്ങാൻ ആളെ കണ്ടെത്തിയിരുന്നതും ജലാൽ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

click me!