
കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുക. ഇതോടൊപ്പം കോണ്‍സുലേറ്റ് വഴി നൽകിയ ഖുര്‍ആൻ വിതരണം, ഈന്തപ്പഴ വിതരണം, എന്നിവ സംബന്ധിച്ചും വിശദാംശങ്ങൾ തേടും.
ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ടി വി അനുപമയെ തിരുവനന്തപുരത്ത് വെച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍സുലേറ്റ് നൽകിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തതെന്നാണ് അനുപമ മൊഴി നൽകിയത്. ഇത് സംബന്ധിച്ചും ശിവശങ്കറിൽ നിന്നും കസ്റ്റംസ് വിശദീകരണം തേടും.
അതേസമയം, സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. ഹര്‍ജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരായാണ് പ്രാഥമിക കുറ്റപത്രം നൽകിയിരിക്കുന്നത്. പ്രതികളുടെ പക്കൽ നിന്നും നിരവധി സ്വത്തുക്കൾ കണ്ടെടുത്തതായി കുറ്റപത്രത്തിൽ പറയുന്നു. ഈ സ്വത്തുക്കളുടെ ഉറവിടം വെളിപ്പെടുത്താൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് അനധികൃത സ്വത്ത് സമ്പാദനമാണെന്നുമാണ് എൻഫോഴ്മെന്റിന്റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam